മുകേഷ് അംബാനിക്കും കുടുംബത്തിനും സർക്കാർ സുരക്ഷ നൽകുന്നതിനെതിരെ ഹർജി; എതിർപ്പുമായി കേന്ദ്രം സുപ്രീംകോടതിയിൽ

single-img
27 June 2022

മുകേഷ് അംബാനിക്കും കുടുംബത്തിനും സർക്കാർ സുരക്ഷ നൽകുന്നതിനെതിരെ നൽകപ്പെട്ട ഹർജി ത്രിപുര ഹൈക്കോടതി പരിഗണിക്കുന്നത് ചോദ്യം ചെയ്ത് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. സർക്കാർ ഒരു കുടുംബത്തിന് സർക്കാർ നൽകുന്ന സുരക്ഷ പൊതു താത്പര്യ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

വിഷയത്തിൽ കേന്ദ്രം നൽകിയ ഹർജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും. നേരത്തെ മുകേഷ് അംബാനിയുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ സംബന്ധിച്ച ഫയൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാക്കാൻ ത്രിപുര ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പക്ഷെ മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നൽകുന്നതിൽ ത്രിപുര സർക്കാരിന് ഒരു പങ്കുമില്ലെന്നു കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി.കേന്ദ്രസർക്കാർ കൈമാറിയ സുരക്ഷാ ഭീഷണി സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സർക്കാർ അംബാനിക്കും കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തിയതെന്ന് സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു.

മാത്രമല്ല, ത്രിപുര ഹൈക്കോടതിക്ക് ഈ പൊതുതാത്പര്യഹർജിയിൽ വാദം കേൾക്കാൻ നിയമപരമായ അധികാരമില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സമാന ആവശ്യം ഉന്നയിച്ച് നേരത്തെ നൽകിയിരുന്ന ഹർജി ബോംബൈ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നതായും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി