ഗുജറാത്ത് കലാപത്തിൽ വീഴ്ച പറ്റിയില്ലെങ്കിൽ പിന്നെ കടമകളെ കുറിച്ച് വാജ്‌പേയിക്ക് മോദിയെ ഓർമപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ട്: കോൺഗ്രസ്
കോൺഗ്രസ് ഇഹ്‌സാൻ ജാഫ്രിക്കും കുടുംബത്തിനുമൊപ്പമെന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി ഇൻ-ചാർജ് ജയറാം രമേശ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാക്കിയ ജാഫ്രിയുടെ കുടുംബത്തിന് പിന്തുണ നൽകുന്നില്ലെന്ന ആക്ഷേപത്തിന് മറുപടി പറയവേ ആണ് ജയറാം രമേശ് കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കിയത്.
ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞു മാറിനിൽക്കാൻ ആകില്ലെന്നും, വീഴ്ച പറ്റിയില്ലെങ്കിൽ പിന്നെ കടമകളെ കുറിച്ച് വാജ്‌പേയിക്ക് മോദിയെ ഓർമപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടാണ് എന്നും ജയറാം രമേശ് ചോദിച്ചു. ഒരു സംസ്ഥാനം അക്രമത്തിന്റെയും കലാപത്തിന്റെയും വലയത്തിലേക്ക് വലിച്ചെറിയപ്പെട്ടാൽ മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ഉത്തരവാദിത്തമില്ലേയെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല മുമ്പുന്നയിച്ച നിരവധി ചോദ്യങ്ങൾ ഉത്തരം കിട്ടാതെ നിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
2002 ഗുജറാത്ത് കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം ഉന്നയിച്ചാണ് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി ഹർജി നൽകിയത്. അന്വേഷണ സംഘം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഹർജിയിൽ കഴമ്പില്ലെന്നും മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ നടപടി ശരിവക്കുന്നതായും സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.