സിബിഐയെയും ഇഡിയേയും ഭയന്ന ഷിൻഡെ ഒളിച്ചോടി; വിമർശനവുമായി ശിവസേനാ മുഖപത്രം സാമ്‌ന

single-img
23 June 2022

മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ശിവസേന വിമതരെ വിമർശിച്ച് പാർട്ടി മുഖപത്രമായ സാമ്‌ന രംഗത്തെത്തി. വിമതർ ശിവസേനയോട് സത്യസന്ധത പുലർത്തിയില്ലെന്ന്
പത്രത്തിലെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. പാർട്ടിയുടെ സീറ്റിൽ ജയിച്ചവർ ഇപ്പോൾ ബിജെപിയുടെ കൂടെയാണ്.

ബിജെപി ഇവിടെ രാഷ്ട്രീയ മാന്യത കാണിക്കണം. വിമത എംഎൽഎമാറീ നയിക്കുന്ന നേതാവായ ഏക്‌നാഥ് ഷിൻഡെ ചതിയനാണെന്നും കേന്ദ്ര ഏജൻസികളായ സിബിഐയെയും ഇഡിയേയും ഭയന്നാണ് ഷിൻഡെ ഒളിച്ചോടിയതെന്നും സാമ്‌ന ലേഖനത്തിൽ ആരോപിക്കുന്നു.

നിലവിൽ മഹാരാഷ്ട്രയിൽ ഏത് വിധത്തിലും ഭരണ പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ മന്ത്രിസഭാ പുനസംഘടനക്ക് തയ്യാറാണെന്ന കാര്യം മഹാവികാസ് അഘാഡി സഖ്യം വിമതരെ അറിയിക്കും. അതേസമയം, ബിജെപിക്ക് ശിവസേന പിന്തുണ നൽകണമെന്ന ആവശ്യത്തിൽ നിന്നും വിമതർ ഇതുവരെ പിന്നോട്ട് പോയിട്ടില്ല.

കഴിഞ്ഞ ദിവസം മൂന്ന് എംഎൽഎമാർ കൂടി വിമത ക്യാംപിലെത്തിയതോടെ കൂറ്മാറ്റനിരോധന നിയമത്തെ മറികടക്കാൻ ഷിൻഡെക്കും കൂട്ടർക്കും സാധിക്കും എന്നതാണ് സ്ഥിതി. ഇന്നലെ ഫേസ്ബുക്ക് ലൈവിൽ എത്തി അതിവൈകാരികമായി താൻ രാജിവെക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിട്ടും വിമത എംഎൽ എമാർ ചർച്ചക്കെത്തിയിരുന്നില്ല.