ഉദ്ദവ് താക്കറെ വിളിച്ച യോഗത്തില്‍ പങ്കെടുക്കണം; എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പുമായി ശിവസേന

single-img
22 June 2022

മഹാരാഷ്ട്രയില്‍ സങ്കീർണ്ണമായ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പുമായി ശിവസേന. സംസ്ഥാന മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ച യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷയിലാണ് നിര്‍ണായക യോഗം നടക്കുന്നത് .

ഈ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നിങ്ങള്‍ക്ക് പാര്‍ട്ടി അംഗത്വം ആവശ്യമല്ലെന്ന് കരുതും. നിയമപ്രകാരം അയോഗ്യത അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, നിലവിൽ 46ലേറെ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ വാദം. ഇവര്‍ തനിക്കൊപ്പം അസമിലെ ഗുവാഹത്തിയിലുണ്ടെന്നും ഷിന്‍ഡെ പറയുന്നു. ഇതിനിടെ നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ മഹാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്ഥാനമൊഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം നേരിട്ടു പങ്കെടുക്കുന്നില്ല. പകരം വീഡിയോ കോണ്‍ഫറന്‍സ് വഴിയാവും പങ്കെടുക്കുന്നത്. ശിവസേനയും കോണ്‍ഗ്രസും എന്‍ സിപിയും ചേര്‍ന്ന മഹാ വികാസ് സഖ്യത്തിന് എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും പിന്തുണ നല്‍കുമെന്നും എംവിഎ സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ തുടരുമെന്നും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ അധികാരമൊഴിയുന്നു എന്ന സൂചനയാണ് ശിവസേന നല്‍കുന്നത്