ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

single-img
21 June 2022

രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഝാർഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ആദിവാസി വിഭാ​ഗത്തിൽ നിന്നുൾപ്പെട്ടതുമായ ദ്രൗപതി മുർമു ആണ് എൻഡിഎ മുന്നണിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ആകെ 20 പേരുകൾ ചർച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്.

1958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുർമുവിന്‍റെ ജനനം. സന്താൾ വശജയാണ് ദ്രൗപദി. ജാർഖണ്ഡ് ഗവർണറാവുന്ന ആദ്യവനിതയും ഗവർണർ പദവിയിലെത്തുന്ന ആദ്യത്തെ ഒഡീഷ വനിതയുമാണ് മുർമു. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുർമുവിനുണ്ട്.

ഒഡീഷയിൽ 2000 മുതൽ 2004 വരെയുള്ള കാലയളവിൽ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്‌തു. ഒഡീഷ മുൻ മന്ത്രിയാണ് ദ്രൗപതി മുർമു. മികച്ച എം എൽ എയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ് പരേതനായ ശ്യാം ചരൺ മുർമു.

രാഷ്ട്രപതിയായി ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാജ്യത്തിന്റെ പ്രഥമപൗരയായി മാറും. ഒരു ആദിവാസി വനിതാ നേതാവിനെ ഉയർത്തിക്കാട്ടുന്നതിലൂടെ ചിതറിക്കിടക്കുന്ന പ്രതിപക്ഷ പാർട്ടികളിൽ ചിലരുടെ പിന്തുണ നേടാനാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.