ഹിറ്റ്ലറെപ്പോലെ പെരുമാറുന്നയാള്‍ ഹിറ്റ്ലറെപ്പോലെ മരിക്കും; കോൺഗ്രസ് നേതാവ് സുബോധ് സഹായുടെ പരാമർശം വിവാദത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരേ നടത്തിയ പരാമർശങ്ങൾ വഴി വിവാദത്തിലായിരിക്കുകയാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുബോധ് കാന്ത് സഹായ് . കേന്ദ്ര സർക്കാർ കൊണ്ടുവന്ന അഗ്നിപഥ് പദ്ധതിയ്ക്കും രാഹുല്‍ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനും എതിരായി കോണ്‍ഗ്രസ് നടത്തുന്ന സമരത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു സുബോധ് സഹായ്.
ഹിറ്റ്ലറെപ്പോലെ പെരുമാറുന്നയാള്‍ ഹിറ്റ്ലറെപ്പോലെ മരിക്കുമെന്നാണ് മുന്‍ കേന്ദ്രമന്ത്രി പ്രതിഷേധത്തിൽ പറഞ്ഞത്. തുടർന്ന് നരേന്ദ്ര മോദിയെ പഴിക്കുന്ന സഹായിന്റെ വാക്കുകള്‍ വിവാദമായി. ഇതുപോലെയുള്ള ഭരണഘടനാ വിരുദ്ധമായ ഭാഷ ഉപയോഗിക്കുന്നത് കോണ്‍ഗ്രസിന്റെ ഡിഎന്‍എയില്‍ ഉണ്ടെന്നാണ് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് പ്രതികരിച്ചത്. മോദി ഹിറ്റ്ലര്‍ കി മൗത് മരേഗാ എന്നാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.
വിഷയത്തിനോട് പ്രതികരിച്ച് മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഒരു മാധ്യമത്തിനോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവിന് മറുപടി നല്‍കിയത്. ഇത്തരത്തില്‍ ഭരണഘടനാ വിരുദ്ധമായ ഭാഷ ഉപയോഗിക്കുന്നത് കോണ്‍ഗ്രസിന്റെ ഡിഎന്‍എയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.