യുവാക്കള്‍ സൈന്യത്തില്‍ നില്‍ക്കുന്നത് രാജ്യത്തെ സംരക്ഷിക്കാൻ; ബിജെപിക്ക് കാവലിനല്ല: രാഹുൽ ഗാന്ധി

single-img
19 June 2022

വിരമിക്കുന്ന അഗ്നിവീർ സൈനികരെ ബിജെപി ഓഫീസുകളുടെ സെക്യൂരിറ്റി ജോലിക്ക് മുൻഗണന നൽകി എടുക്കുമെന്ന ബിജെപി നേതാവും മന്ത്രിയുമായ വിജയ് വാര്‍ഗീയയുടെ വിവാദ പ്രസ്താവനയ്ക്ക് എതിരെ കനത്ത പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്തെ യുവാക്കള്‍ സൈന്യത്തില്‍ നില്‍ക്കുന്നത് രാജ്യത്തെ സംരക്ഷിക്കാനാണ്, ബിജെപിക്ക് കാവലിനല്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ 52 വർഷം ഇന്ത്യൻ പതാക ഉയർത്താത്തവർ സൈനീകരെ സംരക്ഷിക്കുമെന്ന് കരുതരുത്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം അപമാനകരമെന്നും രാഹുൽ ഗാന്ധി കുറിച്ചു. ബിജെപിയും കേന്ദ്രസർക്കാരും രാജ്യവ്യാപകമായി അഗ്നിപഥ് പദ്ധതിക്കെതിരെ ഉയര്‍ന്ന രോഷം എങ്ങനെ ശമിപ്പിക്കാമെന്ന് തലപുകഞ്ഞാലോചിക്കുമ്പോഴാണ് ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ് വാര്‍ഗിയ വിവാദ പ്രസ്താവന നടത്തിയത്.

ഇന്ന് മധ്യപ്രദേശില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിടെയാണ് സര്‍വീസ് കാലം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്നിവീറിനെ കഴിയുെമങ്കില്‍ ബിജെപി ഓഫീസിന്‍റെ കാവല്‍ക്കാരനാക്കുമെന്ന് വിജയ് വാര്‍ഗിയ പറഞ്ഞത്. ഇതോടൊപ്പം തന്നെ മറ്റൊരു കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയുടെ പ്രസ്താവനയും ബിജെപിക്ക് തലവേദനയായി. അഗ്നിവീറുകള്‍ക്ക് അലക്കുകാരുടെയും, ബാര്‍ബര്‍മാറുടെയും, ഡ്രൈവര്‍മാരുടെയും പരിശീലനം നല്‍കുമെന്നാണ് കിഷന്‍ റെഡ്ഡി പറഞ്ഞത്.