വിമാനറാഞ്ചികളുടെ ശൈലിയിലേക്ക് കേരളത്തിലെ കോൺഗ്രസ് എത്തുകയാണ്: കോടിയേരി ബാലകൃഷ്ണൻ
വിമാനറാഞ്ചികളുടെ ശൈലിയിലേക്ക് കേരളത്തിലെ കോൺഗ്രസ് എത്തുകയാണ്. ഇതാണോ അംഗീകൃത ജനാധിപത്യ സമരമാർഗം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതേപ്പറ്റി ആകാശത്തും പ്രതിഷേധമെന്ന മട്ടിലാണ് മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റാദികൾ വാർത്ത നൽകിയത്. മനോരമ എഴുതിയ മുഖപ്രസംഗം അവരുടെ രാഷ്ട്രീയമുഖം കൂടുതൽ വ്യക്തമാക്കുന്നതാണ് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതി.
സ്വർണക്കടത്തടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതി നടത്തിയ ആരോപണങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്ന അരാജക സ്ഥിതിയുമായി ബന്ധപ്പെട്ട് മൂന്ന് കാര്യമാണ് ഉയർന്നുവരുന്നത്. ഒന്ന് രാഷ്ട്രീയം, രണ്ട് നിയമസാധുത്വം, മൂന്ന് മാധ്യമശൈലിയെന്നും കോടിയേരി പറയുന്നു. ഇതിനെപ്പറ്റി അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
സ്വർണക്കടത്തടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതി നടത്തിയ ആരോപണങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്ന അരാജക സ്ഥിതിയുമായി ബന്ധപ്പെട്ട് മൂന്ന് കാര്യമാണ് ഉയർന്നുവരുന്നത്. ഒന്ന് രാഷ്ട്രീയം, രണ്ട് നിയമസാധുത്വം, മൂന്ന് മാധ്യമശൈലി.
ഒന്ന്: രാഷ്ട്രീയകാര്യത്തിലേക്ക് കടക്കുമ്പോൾ ആദ്യം വരുന്ന ചോദ്യം കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ കേരളത്തിൽ രണ്ട് രാഷ്ട്രീയ മുന്നണി എന്തിനാണ് എന്നതാണ്. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും യുഡിഎഫ്, എൻഡിഎ മുന്നണികൾ സയാമീസ് ഇരട്ടകളെപ്പോലെ പ്രവർത്തിക്കുകയാണ്. രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിന്റെയും സോണിയക്ക് നോട്ടീസ് നൽകിയതിന്റെയും പശ്ചാത്തലത്തിൽ ദേശവ്യാപകമായി കോൺഗ്രസ് നടത്തിയ ഇഡി വിരുദ്ധസമരം കേരളത്തിൽ നാമമാത്രമായിരുന്നല്ലോ.
എൽഡിഎഫ് സർക്കാരിനെതിരെ ഇഡിയെ വിളിച്ചുവരുത്താൻ ബിജെപിയുമായി കുറുക്കുവഴിയിലൂടെ ബാന്ധവം കൂടിയിരിക്കുന്ന ഇവിടത്തെ കോൺഗ്രസ് നേതാക്കൾക്ക് ഇഡി വിരുദ്ധസമരം അരോചകമാകുക സ്വാഭാവികം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ക്രിമിനലുകളായ മൂന്ന് കോൺഗ്രസുകാർ വിമാനത്തിൽ ശ്രമിച്ചത് നിസ്സാരസംഭവമല്ല. പഞ്ചാബിലെ ഭിന്ദ്രൻവാലാ ശൈലിയിലേക്ക് കേരളത്തെ മാറ്റാനാണ് ഇവിടത്തെ കോൺഗ്രസുകാർ ശ്രമിക്കുന്നത്. ഇതിനെ ജനാധിപത്യപരമായ പ്രതിഷേധമായി കാണാനാകില്ല. കോൺഗ്രസ് നടപടിയോട് ബിജെപി വിയോജിച്ചിട്ടില്ല. പകരം അടുത്തദിവസം ക്ലിഫ്ഹൗസ് ലാക്കാക്കി മഹിളാമോർച്ചയുടെ അരാജകത്വ പ്രകടനമായിരുന്നു.
വിമാനത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി നടത്തിയത് വധശ്രമമായിരുന്നു. ഇ പി ജയരാജന്റെയും മറ്റും സന്ദർഭോചിതമായ ഇടപെടൽകൊണ്ടാണ് അക്രമികൾക്ക് പിണറായി വിജയനെ തൊടാൻ കഴിയാത്തത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുമുമ്പ് തദ്ദേശഭരണ തെരഞ്ഞെടുപ്പിലും രണ്ട് പ്രതിപക്ഷ മുന്നണിക്കാരും ഭീകരമായി എൽഡിഎഫിനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രചരിപ്പിച്ചതും ജനങ്ങൾ തള്ളിയതുമായ നുണകളാണ് വീണ്ടും അവതരിപ്പിച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ നോക്കുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം കേരള ജനതയ്ക്കുണ്ട്.
സംസ്ഥാനത്തെ ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരവാദികളുടെ മാതൃകയിൽ അക്രമത്തിന് കോപ്പുകൂട്ടിയവരെ കർശന നിയമനടപടികൾക്ക് വിധേയമാക്കണം. സംസ്ഥാനരാഷ്ട്രീയം ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നേതൃത്വത്തിൽ കൂടുതൽ ധ്രുവീകരിക്കപ്പെടുകയാണ്. ഇടതുപക്ഷത്ത് ജനാധിപത്യ വിശ്വാസികളെ കൂടുതലായി ചേർക്കാനും സമാധാനകാംക്ഷികളെയും മതനിരപേക്ഷ ശക്തികളെയും കൂടുതലായി അണിനിരത്താനും ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഉപകരിക്കും.
പ്രതിയുമായി ഇഡിയുടെ ഒത്തുകളി
രണ്ട്: നിയമപരമായ വശം പരിശോധിക്കുമ്പോൾ അരാജകസമരത്തിന് പശ്ചാത്തലമായ സ്വർണക്കടത്ത് കേസിലെ പ്രതിയുടെ 164––ാം വകുപ്പ് പ്രകാരമുള്ള കോടതിയിലെ മൊഴി രേഖപ്പെടുത്തലിൽ അസാധാരണത്വമുണ്ട്. ക്രിമിനൽ നിയമ നടപടിക്രമമനുസരിച്ച് ഒരു പ്രതിക്ക് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുമ്പോഴും വകുപ്പ് 313 പ്രകാരം പ്രതിയെ വിസ്തരിക്കുമ്പോഴും മാത്രമേ കുറ്റകൃത്യത്തിൽ തന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കുകയുള്ളൂ. എന്നാൽ, ഇവിടെ പ്രതിയുമായി ഇഡി നടത്തിയ ഒത്തുകളിയുടെ ഭാഗമായിട്ടാണ് രഹസ്യമൊഴി രേഖപ്പെടുത്തൽ ഉണ്ടായത്. കോടതിയിൽ എതിർക്കാൻ നിയമപരമായി ബാധ്യതയുള്ള ഇഡി അത് നിർവഹിച്ചിട്ടില്ല. കേന്ദ്ര അന്വേഷണ ഏജൻസികളോടും കോടതികളോടും മുമ്പ് പറഞ്ഞ കാര്യങ്ങളാണ് പ്രതി ആവർത്തിച്ചതെന്നാണ് അവരുടെ മാധ്യമങ്ങളോടുള്ള വർത്തമാനത്തിൽ കാണുന്നത്. ഇത്തരം കാര്യങ്ങൾ രഹസ്യമൊഴിയായി കോടതിയിൽ വരുന്നതിനും അസാധാരണത്വമുണ്ട്.
മോദി ഭരണത്തിനും സംഘപരിവാർ വാഴ്ചയ്ക്കുമുള്ള ദേശീയ മറുപടിയായ ബദലാണ് എൽഡിഎഫ് സർക്കാർ. അതുകൊണ്ടുതന്നെ ഈ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും മോദി ഭരണക്കാരുടെയും സംഘപരിവാറുകാരുടെയും കണ്ണിലെ കരടാണ്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ ആവർത്തിച്ച് തോൽപ്പിക്കുന്ന ബിജെപിക്ക് വളരാൻ എൽഡിഎഫ് സർക്കാർ ഇല്ലാതാകണമെന്ന ചിന്തയിൽനിന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതിയെക്കൂടി ഉൾപ്പെടുത്തി ഗൂഢാലോചന നടത്തി രാഷ്ട്രീയ ആയുധം തീർക്കാൻ നോക്കുന്നത്. മോദി ഭരണക്കാർ നീട്ടിക്കൊടുത്ത കറുത്ത കൊടിയുമായി കോൺഗ്രസും യുഡിഎഫും എൽഡിഎഫ് സർക്കാരിനെതിരെ രാഷ്ട്രീയക്കളിക്ക് ഇറങ്ങിയിരിക്കുകയാണ്. പക്ഷേ, വിമോചനസമരത്തിന്റെ കാലം കഴിഞ്ഞെന്ന് ബിജെപി-കോൺഗ്രസ് പ്രതിപക്ഷമുന്നണികൾ മറക്കണ്ട.
മൂന്ന്: മുഖ്യമന്ത്രിയെയും എൽഡിഎഫിനെയും മുഖ്യ ശത്രുവായിക്കണ്ട് വലതുപക്ഷമാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്ന വാർത്താസമീപനം പരിശോധിക്കേണ്ട മറ്റൊരു ഘടകമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിന്റെ ഇല്ലാത്ത അഴിമതികളുടെയും കുംഭകോണങ്ങളുടെയും നുണകളുടെ സുനാമിയായിരുന്നല്ലോ ഈ മാധ്യമങ്ങൾ സൃഷ്ടിച്ചത്. അതിനെ നിരാകരിച്ചാണല്ലോ ജനങ്ങൾ പിണറായി സർക്കാരിന് തുടർഭരണം നൽകിയത്. ഞങ്ങൾ കൽപ്പിച്ചാൽ തടുക്കാൻ ‘ഇന്ദ്രനും ബ്രഹ്മനുമില്ലെന്ന’ ഹുങ്കും അഹങ്കാരവും കളയാനുള്ള ജനവിധിയാണ് ന്യൂസ് റൂമുകൾക്ക് ജനങ്ങൾ നൽകിയത്. നയതന്ത്ര സ്വർണക്കടത്ത്, കിഫ്ബി, ലൈഫ്, ഗൾഫ് ഈന്തപ്പഴം എന്നിങ്ങനെ എത്രമാത്രം നിർമിത കഥകളാണ് ചമച്ചത്. ജനങ്ങൾ നിരാകരിച്ചതിൽനിന്ന് പാഠം പഠിക്കാൻ മാധ്യമങ്ങൾ തയ്യാറല്ല എന്നാണ് ഇപ്പോഴത്തെ പ്രവർത്തനരീതി വ്യക്തമാക്കുന്നത്.
ആരോപണവും വെളിപ്പെടുത്തലും രണ്ടാണെന്ന തിരിച്ചറിവ് ഇവിടത്തെ മാധ്യമങ്ങൾക്ക് നഷ്ടപ്പെട്ടു എന്നാണ് ദേശീയ മാധ്യമ സാരഥിയായ ശശികുമാർ തിരുവനന്തപുരത്ത് ലോക കേരള മാധ്യമസഭയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞത്. ഇത് എത്രയോ പ്രസക്തമാണ്. കേട്ടുതഴമ്പിച്ച, കഴമ്പില്ലാത്ത കാര്യങ്ങൾ ക്രിമിനൽ കേസിലെ പ്രതി ആവർത്തിക്കുമ്പോൾ അതെങ്ങനെയാണ് പുതിയ വെളിപ്പെടുത്തലാകുന്നത്. അത് ദുരുദ്ദേശ്യത്തോടെയുള്ള ആക്ഷേപിക്കലും ആരോപണവുമാണ്. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ള ഈ ദൗത്യത്തിന് മാധ്യമങ്ങൾ കക്ഷിചേരുകയാണ്.
കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിൽ സഞ്ചരിച്ച മുഖ്യമന്ത്രിക്കു നേരെ കോൺഗ്രസുകാർ നടത്തിയ ആക്രമണം തികച്ചും ഞെട്ടിക്കുന്നതാണെങ്കിലും ഇതിനെ തീർത്തും ലഘൂകരിക്കാനുള്ള കൗശലത്തിലാണ് വലതുപക്ഷ മാധ്യമങ്ങൾ. പ്രധാനമന്ത്രിക്കോ രാഷ്ട്രപതിക്കോ മുഖ്യമന്ത്രിമാർക്കോ എതിരെ ഇത്തരമൊരു അക്രമപരിപാടി ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. എന്നിട്ടും ഇതിനെ അപലപിക്കാനല്ല, ന്യായീകരിക്കാനാണ് കോൺഗ്രസ് നേതൃത്വം തയ്യാറായത്. ഇതിനെ ബിജെപി പിന്തുണയ്ക്കുകയും ചെയ്തു. കുറച്ചുനാളായി യുഡിഎഫ് നേതൃത്വം നടത്തുന്ന എൽഡിഎഫ് സർക്കാർവിരുദ്ധ അരാജക സമരത്തിന്റെ തുടർച്ചയാണിത്. ജനങ്ങൾ വൻഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ സഞ്ചരിക്കാൻ സമ്മതിക്കില്ലെന്ന് രാഷ്ട്രീയ എതിരാളികൾ തീരുമാനിച്ചാൽ ജനാധിപത്യത്തിന് എന്ത് അർഥമാണുള്ളത്. 91 സീറ്റുണ്ടായിരുന്ന എൽഡിഎഫിന് 99 സീറ്റായി ഉയർത്തിയാണ് പിണറായി വിജയൻ നയിക്കുന്ന സർക്കാരിന് അംഗീകാരം നൽകിയത്.
അക്രമികളെ വെള്ളപൂശാൻ മാധ്യമശ്രമം
മുഖ്യമന്ത്രിക്ക് റോഡിൽ സഞ്ചരിക്കാനും പരിപാടിയിൽ പങ്കെടുക്കാനും തടസ്സം സൃഷ്ടിക്കുന്നവരുടെ എണ്ണം എണ്ണിത്തിട്ടപ്പെടുത്താവുന്നതാണ്. ചില ന്യൂസ് ചാനലുകൾ മുഖ്യമന്ത്രിക്കെതിരെ വൻ കരിങ്കൊടി പ്രകടനമെന്ന് ഫ്ളാഷ് ന്യൂസ് കാണിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആകെ ‘വൻ’ പ്രതിഷേധത്തിൽ പങ്കെടുത്തത് അഞ്ചുപേരോ പന്ത്രണ്ടുപേരോ ആണ്. ഇവിടെ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ പൊലീസിനെ നിയോഗിച്ചപ്പോൾ അത് അടിയന്തരാവസ്ഥയ്ക്ക് സമാനമെന്ന ചിത്രീകരണമാണ് മനോരമ നടത്തിയത്. അടിയന്തരാവസ്ഥയ്ക്ക് ഹല്ലേലൂയ പാടിയ മാധ്യമങ്ങളിൽ മുൻനിരയിലായിരുന്നു “മനോരമ’. അന്ന് എംഎൽഎ ആയിരുന്ന പിണറായിയെ പൊലീസ് പിടികൂടി വിവസ്ത്രനാക്കി, ക്രൂരമായി മർദിച്ച്, മാരകമായി പരിക്കേൽപ്പിച്ചു. നടക്കാനോ എഴുന്നേൽക്കാനോ കഴിയാത്ത വിധം തല്ലിവീഴ്ത്തി. തുടർന്ന്, ഏറെമാസം തടവറയിലടച്ചു. അത്തരം പൊലീസ് കിരാതവാഴ്ചയും കടന്നുവന്ന ജനനേതാവിനു നേരെയാണ് അടിയന്തരാവസ്ഥാസ്ഥിതിയുടെ ചാപ്പകുത്തൽ. ഇത് അധാർമിക മാധ്യമപ്രവർത്തനമാണ്. വിമാനത്തിൽ അക്രമത്തിന് തുനിഞ്ഞവരെ വെള്ളപൂശാനും കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനും വലതുപക്ഷ മാധ്യമങ്ങൾ നന്നായി വിയർക്കുന്നുണ്ട്.
വിമാനത്തിൽനിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് കോൺഗ്രസ് അക്രമികൾ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞുചെന്നത്. ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത് വിമാനത്തിൽ കയറിയവർ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയാണ് കുറ്റകൃത്യത്തിനെത്തിയത്. സീറ്റ് ബെൽറ്റ് ഊരാൻ അനൗൺസ്മെന്റ് ഉണ്ടാകുന്നതിനുമുമ്പ് ബെൽറ്റഴിച്ച് നിരവധി വരികൾ കടന്ന് മുഖ്യമന്ത്രിയുടെ അടുത്ത് എത്തുകയായിരുന്നു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ അനിൽകുമാറും പിഎ സുനീഷും അവരെ തടയുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ശരീരത്തിൽ തൊടാൻ കഴിയാതെ വന്നത്. ‘ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ല ’എന്ന ആക്രോശം കേട്ട് വിമാനത്തിലെ സ്ത്രീകളുൾപ്പെടെയുള്ള യാത്രികർ പരിഭ്രാന്തരാകുകയും ഭയപ്പെടുകയും ചെയ്തുവെന്ന് യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.
വിമാനറാഞ്ചികളുടെ ശൈലിയിലേക്ക് കേരളത്തിലെ കോൺഗ്രസ് എത്തുകയാണ്. ഇതാണോ അംഗീകൃത ജനാധിപത്യ സമരമാർഗം? ഇതേപ്പറ്റി ആകാശത്തും പ്രതിഷേധമെന്ന മട്ടിലാണ് മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റാദികൾ വാർത്ത നൽകിയത്. മനോരമ എഴുതിയ മുഖപ്രസംഗം അവരുടെ രാഷ്ട്രീയമുഖം കൂടുതൽ വ്യക്തമാക്കുന്നതാണ്. ‘മുഖ്യമന്ത്രി’യുടെ നേരെ വിമാനത്തിൽ പ്രതിഷേധമുണ്ടായതും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയുടെ വളപ്പിലേക്കുവരെ സിപിഐ എം പ്രവർത്തകർ അതിക്രമിച്ചതും കണ്ടെന്നാണ് മുഖപ്രസംഗം പറയുന്നത്. വിമാനത്തിലെ സംഭവം കേവലമായ പ്രതിഷേധംമാത്രം. എന്നാൽ, വി ഡി സതീശന്റെ ഔദ്യോഗിക വസതിയുടെ വളപ്പിലേക്ക് കടന്നത് അതിക്രമം. വാക്കിന്റെ രാഷ്ട്രീയം എങ്ങനെ ഒരു പത്രത്തിന്റെ സ്വഭാവത്തെ നിർണയിക്കുന്നു എന്നതിന് തെളിവാണിത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിവളപ്പിലേക്ക് ആരെങ്കിലും കടന്നുകയറുന്നതിനെ എൽഡിഎഫ് അനുകൂലിക്കുന്നില്ല എന്നത് ഈ വേളയിൽ ഓർമിപ്പിക്കട്ടെ.
‘പ്രകോപനത്തിന്റെ പാതയിലൂടെ’ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വിവിധ പരിപാടികളിലേക്ക് പാഞ്ഞുപോകുന്നതായുള്ള തരംതാണവിലയിരുത്തലും മനോരമ മുഖപ്രസംഗത്തിലുണ്ട്. വിമാനത്തിൽ മറ്റു യാത്രക്കാരെപ്പോലെ സഞ്ചരിച്ച മുഖ്യമന്ത്രിക്ക് ഏതെങ്കിലും വാഹനവ്യൂഹമുണ്ടായിരുന്നോ? നാട്ടിൽ മുൻ നിശ്ചയിച്ച പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിന് രാഷ്ട്രീയ എതിരാളികളുടെ ലൈസൻസ് വേണോ? പിണറായി വിജയന് സുരക്ഷയൊരുക്കാൻ ജനാധിപത്യകേരളത്തിലെ ജനങ്ങൾക്ക് ഒരു പ്രയാസവുമില്ല.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം പൊലീസും മറ്റ് ഏജൻസികളും നിർവഹിക്കും. മുഖ്യമന്ത്രിയുടെ ജീവനും സഞ്ചാരസ്വാതന്ത്ര്യത്തിനും തടസ്സമാകുന്ന ഒന്നും അനുവദിക്കാനാകില്ല. പൊലീസ് അവരുടെ കടമ നിർവഹിക്കും. പ്രബുദ്ധജനത ജനാധിപത്യ സംരക്ഷണത്തിന് തികച്ചും സമാധാനപരമായി മുന്നോട്ടിറങ്ങുകയും ചെയ്യും. പ്രതിപക്ഷപാർടികളുടെ ഓഫീസോ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയോ ആക്രമിക്കുക എൽഡിഎഫ് പരിപാടിയല്ല. എന്നാൽ, ഇന്ദിരാഭവന്റെ പേരിലെ അക്രമമുറവിളി അടിസ്ഥാനമില്ലാത്തതാണ്. ഇന്ദിരാഭവനെ എൽഡിഎഫുകാർ ആക്രമിച്ചിട്ടില്ല. മുഖ്യമന്ത്രിയെ ലാക്കാക്കി വിമാനത്തിനുള്ളിൽ നടത്തിയ ആക്രമണം ജനാധിപത്യ കേരളത്തിന്റെ അന്തസ്സ് കെടുത്തിയ സംഭവമാണ്. ഈ അരാജകസമരത്തിന് ഇവിടെ വിരാമമാകണം. അതിന് ജനശക്തി ഉണരും.