സൈന്യത്തിലെ കരാർ നിയമനം; അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് സിപിഎം

single-img
16 June 2022

കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം. ബീഹാറിലും രാജസ്ഥാനിലും ഹരിയാനയിലും പ്രതിഷേധക്കാർ തെരുവിലിറങ്ങി. ഇന്ത്യൻ സെന്യത്തിലെ സ്ഥിരം സേവനത്തിനുള്ള അവസരം തടയുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. അതേസമയം, അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് സിപിഎം പിബി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങളെ ഹനിക്കുന്നതാണ് പദ്ധതിയെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ ആരോപിക്കുന്നത്. കേവലം നാല് വർഷത്തെ കരാർ നിയമനം നൽകി പ്രൊഫഷണൽ സൈനികരെ ഉണ്ടാക്കാനാവില്ലെന്നും പെൻഷൻ പണം ലാഭിക്കാനുള്ള നടപടി സൈന്യത്തിൻറെ കാര്യ ശേഷിയെ ബാധിക്കുന്നതായി മാറുമെന്നും സിപിഎം പിബി ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല, അഗ്നിപഥിലൂടെ പരിശീലനം ലഭിക്കുന്നവർ പിന്നീട് അക്രമി സംഘങ്ങളിൽ ചേരുന്ന ഗുരുതര സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയും പിബി ചൂണ്ടിക്കാട്ടുന്നു. അതേപോലെ തന്നെ, യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ‘റാങ്കില്ല, പെന്‍ഷനില്ല. രണ്ട് വര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വര്‍ഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കൂ‍’ എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.