നാഗാലാൻഡിൽ ഗ്രാമീണർക്കെതിരെ നടന്ന വെടിവെപ്പ്; കുറ്റപത്രത്തിൽ 29 ജവാൻമാരും ഒരു സൈനിക ഉദ്യോ​ഗസ്ഥനും

single-img
11 June 2022

കഴിഞ്ഞ ഡിസംബറിൽ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാൻഡിൽ 14 ​ഗ്രാമീണർക്കെതിരെ സൈന്യം വെടിയുതിർത്ത സംഭവത്തിൽ 30 സൈനികർക്കെതിരെ പോലീസിന്റെ കുറ്റപത്രം. ആക്രമണത്തിന്റെ ഫോറൻസിക് പരിശോധന ഫലം ലഭിച്ചതോടെയാണ് അന്തിമ റിപ്പോർട്ട് പോലീസ് സമർപ്പിച്ചത്.

പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ 29 ജവാൻമാരും ഒരു സൈനിക ഉദ്യോ​ഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ അമ്പത് ​ഗ്രാമീണരെ സാക്ഷികളാക്കി പ്രാഥമിക കുറ്റപത്രം നൽകിയിരുന്നു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അന്വേഷണ ചുമതല. സാധാരണ ഗതിയിൽ സൈനികർ ഓപ്പറേഷൻ നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയാണ് ​ഗ്രാമീണർക്ക് നേരെ വെടിവച്ചതെന്ന് എസ്ഐടി ആരോപിച്ചു.

അതേസമയം, ​​വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട പിന്നാലെ തന്നെ നാ​ഗലാൻഡിൽ വൻ പ്രതിഷേധം നടന്നിരുന്നു. ​ഗ്രാമീണരുടെ പ്രതിഷേധത്തിനിടെ ഒരു സൈനികൻ മരിക്കുകയും ചെയ്തിരുന്നു. 2021 ഡിസംബർ നാലിനാണ് മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളായ ​ഗ്രാമീണർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. തൊഴിലാളികളുടെ സംഘം സഞ്ചരിച്ച ട്രക്കിന് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.