കമല ഇന്റര്‍ നാഷണല്‍ പോലെ ഇതുമൊരു കഥ; കള്ളക്കഥകള്‍ക്ക് മുന്നില്‍ സിപിഎം മുട്ട് മടക്കില്ല: കോടിയേരി ബാലകൃഷ്ണൻ

single-img
10 June 2022

സ്വപ്ന സുരേഷിലൂടെ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നം ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . സംസ്ഥാനത്തെ സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതെ രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ചിലരുടെയൊക്കെ ലക്ഷ്യം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോഴുള്ളതെന്നും കോടിയേരി ആരോപിച്ചു.

ആവശ്യമില്ലാതെ മുഖ്യമന്ത്രിയേയും കൂടുംബത്തേയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. മുഖ്യമന്ത്രി ആദ്യമായിട്ടല്ല ഇതുപോലത്തെ ആരോപണം നേരിടുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ ജനങ്ങളെ അണിനിരത്തി നേരിടും. ജനമധ്യത്തില്‍ സത്യം തുറന്ന് കാട്ടും. കള്ളക്കഥകള്‍ക്ക് മുന്നില്‍ സിപിഎം മുട്ട് മടക്കില്ലെന്നും പ്രചാരണ പരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സ്വപ്‌ന നടത്തിയതായി പറയുന്ന രഹസ്യ മൊഴികളില്‍ നിറയെ വൈരുദ്ധ്യമാണ്. മൊഴികളുടെ വിശ്വസനീയത കോടതി പരിശോധിക്കണം. രഹസ്യ മൊഴി വെളിപ്പെടുത്തുന്നത് അസാധാരണ നടപടിയാണെന്നും കോടിയേരി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ സ്വര്‍ണം അയച്ചവര്‍ ഇപ്പോഴും പ്രതികളല്ല. സ്വര്‍ണം എത്തിയത് ആര്‍ക്കെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് എത്തിയപ്പോള്‍ അന്വേഷണം നിലച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതാണെന്നും കോടിയേരി വ്യക്തമാക്കി. അന്വേഷണം ആവശ്യപ്പെട്ട് ആദ്യം കത്തയച്ചത് മുഖ്യമന്ത്രിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. ഗൂഢോലോചനയെക്കുറിച്ച് സര്‍ക്കാര്‍ ഫലപ്രദമായി അന്വേഷിക്കും. കമല ഇന്റര്‍ നാഷണല്‍ എന്ന കഥയുണ്ടാക്കിയതും കോടിയേരി ഓര്‍മ്മിപ്പിച്ചു.