സോളോഗമി വിവാഹം ചെയ്ത് ക്ഷമ ബിന്ദു; വിവാഹത്തിനെതിരെ കോൺഗ്രസും ബിജെപിയും; ചടങ്ങുകളിൽ നിന്നും പിന്മാറി പൂജാരി
ഇന്ത്യയിലെ തന്നെ ആദ്യ സോളോഗമി വിവാഹം ഇന്ന് ഗുജറാത്തില്‍ വച്ച് നടന്നു. സ്വകാര്യ കമ്പനിയില്‍ റിക്രൂട്ട്മെന്റ് ഓഫീസറായി ജോലി ചെയ്യുന്ന വധുവായ ക്ഷമ ബിന്ദുവിന്റെ വീട്ടില്‍ വച്ചാണ് ചടങ്ങ് നടന്നത്. ആദ്യം ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനമെങ്കിലും വിവാഹത്തിനെതിരെ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നതോടെ ചടങ്ങുകള്‍ നടത്താനിരുന്ന പൂജാരി പിന്മാറുകയായിരുന്നു.
ഇതോടുകൂടി യുവതി വീട്ടില്‍ വച്ച് വിവാഹ ചടങ്ങുകള്‍ ഒറ്റയ്ക്ക് നടത്തി. മാത്രമല്ല, സോഷ്യൽ മീഡിയയിൽ തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ ക്ഷമ ബിന്ദു ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഈ മാസം 11നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. പക്ഷെ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ വിവാഹം രണ്ട് ദിവസം നേരത്തെ ആക്കുകയായിരുന്നു.
ക്ഷമ നടത്തിയ സ്വയം വിവാഹം ചെയ്യൽ വിവാഹം ഹിന്ദുമത വിശ്വാസത്തിനെതിരാണെന്നും ഹിന്ദു മതത്തിലെ ജനസംഖ്യ കുറയാന്‍ കാരണമാവുമെന്നും വഡോദരയിലെ മുന്‍ ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ സുനിത ശുക്ല പറഞ്ഞിരുന്നു.
അതേസമയം, ഭ്രാന്തിന്റെ അതിര്‍വരമ്പത്തെത്തിയതിന്റെ ഉദാഹരണമാണിതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മിലിന്ദ ഡിയോറയുടെ പ്രതികരണം.