രാഷ്ട്രീയ ദുഷ്പ്രവണത; ബിജെപിയിൽ ചേരുമെന്ന വാർത്തകൾ അടിസ്ഥാനരഹിതം: ആനന്ദ് ശർമ്മ

single-img
31 May 2022

കോൺഗ്രസിൽ നിന്നും പുറത്തുവന്ന് താൻ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ്‌ നേതാവ് ആനന്ദ് ശർമ്മ. പാർട്ടിയുടെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച രാജ്യസഭാ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ അദ്ദേഹം കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ ചേരുമെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു ആനന്ദ്.

ബിജെപിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായ രീതിയിൽ വിമർശിച്ച അദ്ദേഹം ഒടുവിൽ ബിജെപിപിയിൽ ചേരുന്നുവെന്ന തരത്തിൽ ആയിരുന്നു റിപ്പോർട്ടുകൾ. അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്തകൾ രാഷ്ട്രീയ ദുഷ്പ്രവണതയാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

കോൺഗ്രസിന്റെ രാജ്യസഭാ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മുതിർന്ന നേതാക്കളായ ആനന്ദ് ശർമ്മയും ഗുലാം നബി ആസാദും പട്ടികയിൽ ഇടം പിടിക്കാത്തതിന് അണികളിൽ നിന്ന് പോലും വിമർശനങ്ങളും രോഷവും ഉയർന്നിരുന്നു. കപിൽ സിബലും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പിന്നീട് പ്രഖ്യാപ്പിച്ചു.

അതേസമയം, ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, ആർപിഎൻ സിംഗ്, അശ്വനി കുമാർ, കപിൽ സിബൽ, ഹാർദിക് പട്ടേൽ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളെയാണ് രണ്ട് വർഷത്തിനിടെ കോൺഗ്രസിന് നഷ്ടമായത്.