ഞങ്ങൾ ഇന്ത്യൻ മുസ്ലീങ്ങളാണ്, ചൈനീസ് റഷ്യൻ അമേരിക്കൻ മുസ്ലീങ്ങളല്ല; ഞങ്ങളെ വിശ്വസിക്കൂ: ഫറൂഖ് അബ്ദുള്ള

single-img
30 May 2022

ഒത്തൊരുമയോടെ സന്തോഷത്തോടെ ​ജീവിക്കാമെന്ന് നമ്മുടെ അയൽക്കാരന് കൂടി തോന്നുന്നത് വരെ ജമ്മു കശ്മീരിൽ സമാധാനം പുലരില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ജനങ്ങളുടെ ഹൃദയം കീഴടക്കാനായില്ലെങ്കിൽ സംസ്ഥാനം ശാന്തമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തിലൂടെ ഒരിക്കലും സമാധാനമുണ്ടാകില്ലെന്നും ന്യൂഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഫറൂഖ് അബ്ദുള്ളയുടെ വാക്കുകൾ: ‘ജനഹൃദയം കീഴടക്കുന്നതുവരെ കശ്മീരിൽ സമാധാനം കൊണ്ടുവരാൻ കഴിയില്ല. യുദ്ധത്തിലൂടെ അത് സാധ്യമല്ല.

നിങ്ങൾക്ക് എത്രവേണമെങ്കിലും സൈന്യത്തെ ഇവിടേക്ക് കൊണ്ടുവരാം. എന്നാൽ നമ്മൾ നമ്മുടെ അയൽക്കാരനോട് സംസാരിക്കുകയും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാമെന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്യണം, എങ്കിൽ മാത്രമേ കശ്മീരിൽ സമാധാനമുണ്ടാകൂ

ഇന്ത്യയിലെ മുസ്ലീങ്ങളിൽ വിശ്വാസമർപ്പിക്കണമെന്നും ഫറൂഖ് അബ്ദുള്ള ചടങ്ങിൽ ആവശ്യപ്പെട്ടു. ‘ഞങ്ങൾ സംസാരിക്കുമ്പോൾ അവർക്ക് മോശം തോന്നുന്നു. ഞങ്ങൾ എന്താണ് പറയുന്നത്? ഞങ്ങൾ ഇന്ത്യൻ മുസ്ലീങ്ങളാണ്, ഞങ്ങൾ ചൈനീസ്, റഷ്യൻ, അമേരിക്കൻ മുസ്ലീങ്ങളല്ല. ഞങ്ങളെ വിശ്വസിക്കൂ’ – അദ്ദേഹം പറഞ്ഞു.