ഹവാല ഇടപാട്; ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ അറസ്റ്റ് ചെയ്ത് ഇഡി

single-img
30 May 2022

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന കേസിലാണ് ചോദ്യം ചെയ്യാൻ വിളിച്ച ശേഷം അറസ്റ്റ് ചെയ്തത്.

നേരത്തെ, കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ പഞ്ചാബ് ആരോഗ്യമന്ത്രിയെ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്നെ പുറത്താക്കി ഏതാനും ദിവസങ്ങൾക്കകമാണ് ഡൽഹിയുടെ ആരോഗ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്യുന്നത്.

2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ഡൽഹിയിൽ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഈ ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.

നേരത്തെ 2017ല്‍ സിബിഐയും സമാന പരാതിയില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു. കേന്ദ്ര ഏജന്‍സികൾ സത്യേന്ദ്ര ജെയിനെ നിരവധി തവണ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. അതേസമയം, മന്ത്രിക്കെതിരെ ബിജെപി കള്ളക്കേസെടുക്കുകയായിരുന്നുവെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്.