മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി; താൻ ഒരിക്കലും ത്രിപുര വിട്ട് പോകില്ലെന്ന് ബിപ്ലബ് കുമാര്‍ ദേബ്

single-img
14 May 2022

ബിജെപിയുടെ ത്രിപുര സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ എംപിയുമായ മണിക് സാഹ സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് ഉച്ചയോടെ ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. സംസ്ഥാന അധ്യക്ഷൻ പുതിയ പദവി ഏറ്റെടുക്കുമ്പോൾ ബിപ്ലബ് കുമാര്‍ ദേബ് ബിജെപി സംസ്ഥാന അധ്യക്ഷനാകും.

താൻ ഒരിക്കലും ത്രിപുര വിട്ട് പോകില്ലെന്നും ത്രിപുരയിലെ ജനങ്ങള്‍ക്ക് വേണ്ടി എന്നും ഉണ്ടാകുമെന്നും ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. പുതുതായി സ്ഥാനമേൽക്കുന്ന മണിക് സാഹയ്ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് ബിപ്ലബ് കുമാര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇന്നലെ വൈകീട്ട് നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് മണിക് സാഹയെ മുഖ്യമന്ത്രിയായും ത്രിപുരയിലെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്, ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

2016ലായിരുന്നു മണിക് സാഹ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തുടർന്ന് 2020ല്‍ ത്രിപുര ബിജെപി അധ്യക്ഷനായി. അതിനുശേഷം 2021 നവംബറില്‍ ത്രിപുരയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പതിമൂന്ന് സിവില്‍ ബോഡികളിലും ബിജെപി വിജയിച്ചപ്പോള്‍ അതിൽ മണിക് സാഹ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.