ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി ഗൗതം അദാനി

single-img
25 April 2022

വാറന്‍ ബഫറ്റിനെ പിന്തള്ളി ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി മാറി. അദാനി ഗ്രൂപ്പ് ചെയര്‍മാനായ 59കാരനായ ഗൗതം അദാനി നിലവിൽ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനും കൂടിയാണ്.

ഏകദേശം 123.7 ബില്യണ്‍ യുഎസ് ഡോളറാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ആസ്തിയെന്ന് ഫോബ്‌സ് മാഗസിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2022ല്‍ 43 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ഗൗതം അദാനി നേടിയത്. ഇപ്പോൾ 269.7 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി ഇലോണ്‍ മസ്‌കാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടു പിന്നാലെ 170.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ആമസോണ്‍ മേധാവി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും 167.9 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി എല്‍എംവിഎച്ച് ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തുമുണ്ട്.

നാലാം സ്ഥാനത്തുള്ളത് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ആണ്. 130.2 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 104.2 ബില്യണ്‍ യുഎസ് ഡോളറുമായി എട്ടാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനിയാണ് ഉള്ളത്. ഇതോടൊപ്പം തന്നെ അദാനി ബ്ലുംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ലോകത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമതാണ്.