യോഗിക്കെതിരെ പ്രസംഗിച്ചു; സമാജ് വാദി പാര്‍ട്ടി എംഎല്‍എയുടെ പെട്രോള്‍ പമ്പ് പൊളിച്ച് യുപി സര്‍ക്കാര്‍

single-img
7 April 2022

യുപിയിലെ ബറേലിയില്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എയുടെ പെട്രോള്‍ പമ്പ് പൊളിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. എംഎല്‍എ ഷാസില്‍ ഇസ്ലാം അന്‍സാരിയുടെ പെട്രോള്‍ പമ്പാണ് സർക്കാർ ജെസിബി ഉപയോഗിച്ച് പൊളിച്ചത്. ഡല്‍ഹി-രാംപൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന പമ്പിന് വേണ്ടത്ര അനുമതികള്‍ നേടിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം.

ഈ പമ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി തേടിയില്ലെന്നാണ് കണ്ടെത്തല്‍. ഇത് പരിഗണിച്ചാണ് പമ്പ് പൊളിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബറേലിയില്‍ എസ്പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഷാസില്‍ പരാമര്‍ശം നടത്തിയത്. നമുക്കെതിരെ യോഗി എന്തെങ്കിലും പറഞ്ഞാല്‍ തോക്കുകള്‍ പുകയല്ല വെടിയുണ്ടകള്‍ പുറന്തള്ളുമെന്നായിരുന്നു ഭീഷണി.

ഈ പ്രസംഗത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. ക്രമസമാധാനം തകര്‍ത്തു, ഭീഷണി, കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലെ പ്രകോപനപരമായ പ്രസ്താവന തുടങ്ങിയവ പരിഗണിച്ചാണ് കേസ്. എന്നാല്‍ വീഡിയോയില്‍ കൃത്രിമം കാട്ടിയെന്നാണ് ഭോജിപുര എംഎല്‍എയായ ഷാസിലിന്റെ പരാതി.