ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട; ആദരാഞ്ജലി പോസ്റ്റുകളോട് ശ്രീനിവാസന്റെ പ്രതികരണം

single-img
7 April 2022

ഹൃദ്രോഗത്തെ തുടർന്ന് അത്യാസന്ന നിലയിൽ അങ്കമാലി അപ്പോളോ അഡലക്സ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന നടനും തിരകഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നു. നടൻ അത്യാസന്ന നിലയിൽ ആശുപത്രിയിലാണെന്ന് കേട്ടയുടനെ ആദരാഞ്ജലി പോസ്റ്റുകൾ ഇടുന്നവരെ വിമർശിച്ചു കൊണ്ട് നിർമാതാവ് മനോജ് രാംസിംഗ് രംഗത്തെത്തി.

ആശുപത്രിയിൽ ചെന്ന താൻ ശ്രീനിവാസനോട് താൻ ഈ ആദരാഞ്ജലി പോസ്റ്റുകളുടെ കാര്യം പറഞ്ഞിരുന്നെന്ന് മനോജ് ഫേസ്ബുക്കിൽ എഴുതുകയുണ്ടായി . അതിന് മറുപടിയായി ‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം’ എന്നാണ് ശ്രീനിവാസൻ മറുപടി പറഞ്ഞതെന്നും മനോജ് പറയുന്നു.

അതേസമയം നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും വെന്റിലേറ്റർ സംവിധാനം മാറ്റിയിട്ടുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

മനോജ് രാംസിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

“ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം” മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല.