കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്ത തനിക്ക് ഇപ്പോൾ നിരാശയും സങ്കടവും; പ്രവർത്തകരോട് കെ സുധാകരൻ

single-img
3 April 2022

സംസ്ഥാനത്തെ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്ത തനിക്ക് ഇപ്പോൾ തോന്നുന്നത് നിരാശയും സങ്കടവുമെന്ന് കെ സുധാകരൻ എംപി. കെപിസിസിയുടെ ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും ഓൺലൈൻ യോഗത്തിലായിരുന്നു സുധാകരൻ പ്രയാസം പങ്കുവച്ചത്.

കോൺഗ്രസ് അംഗത്വവിതരണം ഉൾപ്പെടെ സംഘടനാപരമായ പല കാര്യങ്ങളും വിവിധ കാരണങ്ങളാൽ ഉദ്ദേശിച്ച രീതിയിൽ നടന്നില്ല. നിലവിൽ കഴിഞ്ഞതു കഴിഞ്ഞു. വരുന്ന ദിവസങ്ങൾ നേതാക്കളും പ്രവർത്തകരും ഒരേ മനസ്സായി നിന്ന് അംഗത്വവിതരണം വിജയകരമായി ലക്ഷ്യത്തിലെത്തിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. അതേസമയം, പ്രസിഡന്റ് ആസ്ഥാനത്ത് ഇല്ലാത്തപ്പോൾ കെപിസിസി ഓഫിസ് ഉപജാപക സംഘത്തിന്റെ താവളമായി മാറുന്നുവെന്ന വിമർശനം ചില ഭാരവാഹികൾ ഉന്നയിച്ചു.

ഇവർ സുധാകരന്റെ ഓഫിസ് പ്രവർത്തനത്തിൽ കുറേക്കൂടി ജാഗ്രത വേണമെന്ന നിർദേശമാണു വച്ചത്. പ്രവർത്തകരുടെ വിമർശനങ്ങളൊക്കെ ഗൗരവത്തിലെടുക്കുമെന്ന് തന്നെ സുധാകരൻ മറുപടി നൽകി. ഓരോ ജില്ലയിലും അംഗത്വവിതരണ ചുമതലയുള്ളവരുടെ യോഗം ഉടൻ വിളിച്ചു കൂട്ടാൻ ഡിസിസി പ്രസിഡന്റുമാരെയും ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. ഡിജിറ്റൽ അംഗത്വവിതരണം തുടരുമ്പോഴും കടലാസ് അംഗത്വത്തിനു കൂടുതൽ പ്രധാന്യം നൽകണം. ഓരോ ദിവസവും അംഗത്വവിതരണം വിലയിരുത്തണമെന്നും നിർദേശിച്ചു.