ജീവിതത്തില്‍ ഒരിക്കല്‍ പോലും തോല്‍വി സമ്മതിച്ചിട്ടില്ല; രാജി വെക്കില്ലെന്ന തീരുമാനവുമായി ഇമ്രാൻഖാൻ

single-img
31 March 2022

എന്തുവന്നാലും താൻ രാജിവയ്കുന്ന പ്രശ്‌നമില്ലന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ന് ടെലിവിഷനിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ഇമ്രാന്‍ തള്ളിയത്.

20 വര്‍ഷത്തോളം താന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും അവസാന പന്തുവരെ പോരാടുന്നയാളാണ് താനെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ പോലും തോല്‍വി സമ്മതിച്ചിട്ടില്ല. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെയായാലും, താന്‍ കൂടുതല്‍ കരുത്തോടെ നിലകൊള്ളും -ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം, അവിശ്വാസ പ്രമേയം പാകിസ്താന്‍ ദേശീയ അസംബ്ലി ചര്‍ച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. പാകിസ്താന്‍ ഇപ്പോൾ കടന്നുപോകുന്നത് അതിന്റെ നിര്‍ണായക നിമിഷങ്ങളിലൂടെയാണ്. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിനു മുന്നില്‍ പാകിസ്താനികള്‍ മുട്ടിലിഴയുകയാണെന്നും ഇമ്രാൻ പറഞ്ഞു.

ഇന്ന് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി നാഷനല്‍ അസംബ്ലി കൂടിയെങ്കിലും ഉടന്‍തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സഭ പിരിച്ചുവിട്ടു. അവിശ്വാസത്തില്‍ ഉടൻ തന്നെ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ സഭ പിരിച്ചുവിട്ടത്. ഞായറാഴ്ച രാവിലെ 11ന് സഭ വീണ്ടും ചേരും. അന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.