സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി; മൊബൈൽ ആപ്പിലൂടെ വിൽപ്പന

single-img
31 March 2022

കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വിൽപ്പന സജീവം. കാരുണ്യ, നിർമൽ ലോട്ടറികളുടെ വ്യാജനാണ് മൊബൈൽ ആപ്പിലൂടെ വിറ്റഴിക്കുന്നത്. ഓൺലൈൻ ലോട്ടറികൾക്ക് സംസ്ഥാനത്ത് നിരോധനം നിലനിൽക്കെയാണ് സർക്കാർ ഭാഗ്യക്കുറിയുടെ പേര് ഉപയോഗിച്ചുള്ള ഈ വൻ തട്ടിപ്പ്.

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസമായി കേരള ലോട്ടറി ഓൺലൈനായി എടുക്കാം എന്ന പരസ്യം പ്രചരിക്കുന്നുണ്ട്. ഓൺലൈൻ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ആർക്കും ലഭിക്കും . ഇതിനാവട്ടെ തരക്കേടില്ലാത്ത റേറ്റിംഗും ഉണ്ട്. ഇൻസ്റ്റാൾ ചെയ്താൽ സംസ്ഥാന സർക്കാരിന്‍റെ ലോട്ടറികളെല്ലാം ആപ്പിൽ കിട്ടും. ഫലങ്ങളും കാണാം.

പക്ഷെ ഇതിലൂടെ ലോട്ടറിയെടുക്കാൻ കുറഞ്ഞത് 200 രൂപ മുടക്കണം. അതിനായി 40 രൂപയുടെ അഞ്ച് ടിക്കറ്റുകളോ അല്ലെങ്കിൽ തുകയ്ക്ക് ആനുപാതികമായ ടിക്കറ്റുകളോ കിട്ടും. പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും ലോട്ടറി ടിക്കറ്റിലേക്കൊന്ന് സൂക്ഷിച്ച് നോക്കിയാൽ തട്ടിപ്പ് തെളിഞ്ഞ് വരും. ഈ വ്യാജനിൽ സർക്കാരിന്‍റെ മുദ്രയോ ഹോളോഗ്രാമോ ഇല്ല. സ്ഥിരം ടിക്കറ്റ് എടുക്കുന്നവ‍ർക്ക് വ്യാജനാണെന്ന് എളുപ്പം മനസിലാകും.

എന്നാൽ വല്ലപ്പോഴും ടിക്കറ്റ് എടുക്കുന്നവർക്കും ഇതര സംസ്ഥാനക്കാർക്കും വ്യാജനെ തിരിച്ചറിയുക പ്രയാസമാണ്. കേരള ഭാഗ്യക്കുറിയുടെ ആകർഷകമായ സമ്മാനം മോഹിച്ച് പണം മുടക്കിയ ഇതര സംസ്ഥാനക്കാരാണ് വ്യാജനിൽ വഞ്ചിക്കപ്പെടുന്നവരിലേറെയും. ഇവർക്കൊപ്പം മലയാളികളും ഈ തട്ടിപ്പിൽ പെട്ടിട്ടുണ്ട്. അതേസമയം, കേരള സ‍ർക്കാർ ഓൺലൈൻ ലോട്ടറി വിൽക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.