94-ാമത് ഓസ്കാർ: വിൽ സ്മിത്ത് മികച്ച നടൻ, നടി ജെസിക്ക ചസ്റ്റെയ്ൻ

single-img
28 March 2022

94-ാമത് ഓസ്കാർ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് ഇപ്പോൾ ലോസ് ആഞ്ജലീസിലെ ഡോള്‍ബി തിയേറ്ററില്‍ ആരംഭിച്ചു. മികച്ച സിനിമ, സംവിധാനം, തിരക്കഥ, സഹനടൻ ഉൾപ്പെടെ പ്രധാന പുരസ്കാരങ്ങളെല്ലാം ‘കോഡ’ ഏകപക്ഷീയമായി സ്വന്തമാക്കി. ഷാൻ ഹേഡെർ സംവിധാനം ചെയ്ത ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ബധിരരായിരുന്നു.

കോഡയിലെ മികച്ച പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഇതുവരെയുള്ള ചരിത്രത്തിൽ ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ് കോട്സർ. അതേസമയം, മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വിൽ സ്മിത്ത് സ്വന്തമാക്കി.

കിങ് റിച്ചാർഡ് എന്ന സിനിമയിലെ അഭിനയമികവിനാണ് പുരസ്കാരം. ലോക പ്രശസ്ത ടെന്നീസ് താര സഹോദരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ഈ സിനിമയിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ സ്മിത്ത് അവതരിപ്പിച്ചത്.

ഇതോടൊപ്പം തന്നെ മികച്ച നടിക്കുള്ള പുരസ്കാരം ജെസിക്ക ചസ്റ്റെയ്ൻ സ്വന്തമാക്കി. ദ് ഐസ് ഓഫ് ടാമി ഫെയ് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. തന്റെ കരിയറിൽ ഇതുവരെ മൂന്ന് തവണ ഓസ്കർ നോമിനേഷൻ നേടിയിട്ടുള്ള ജെസിക്കയുടെ ആദ്യ ഓസ്കർ ചിത്രംകൂടിയാണ് ഇത്. മികച്ച സംവിധായികയായി ദ് പവർ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേൻ കാംപിയൻ തിരഞ്ഞെടുക്കപ്പെട്ടു. സംവിധാന മികവിന് രണ്ട് തവണ നോമിനേഷൻ ലഭിക്കുന്ന ആദ്യവനിതകൂടിയാണ് കാംപിയന്‍.