ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല; ഇന്ധനവില വർദ്ധിക്കാൻ കാരണം റഷ്യ- ഉക്രൈന്‍ യുദ്ധം: നിതിന്‍ ഗഡ്കരി

single-img
26 March 2022

ഇന്ത്യയിൽ ഇന്ധനവില കൂടാനുള്ള കാരണം റഷ്യ- ഉക്രൈന്‍ യുദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യുദ്ധ ഫലമായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ‘ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇപ്പോൾ റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിനിടയില്‍, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ഇക്കാര്യത്തിൽ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.’ ഗഡ്കരി പറഞ്ഞു.

ഇന്ധന ലഭ്യതയിൽ 2004 മുതല്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ശ്രമം നമ്മൾ നടത്തുന്നുണ്ട്. നമുക്ക് ആവശ്യമായ ഇന്ധനം നമ്മള്‍ സ്വന്തമായി ഉത്പാദിപ്പിക്കേണ്ടത് ഭാവിയിലേക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടിയത്.

‘ഇന്ത്യയ്ക്ക് ഉടന്‍ തന്നെ 40,000 കോടി രൂപയുടെ എത്തനോള്‍, മെഥനോള്‍, ബയോ എത്തനോള്‍ ഉല്‍പ്പാദന സമ്പദ്വ്യവസ്ഥ ഉണ്ടാകും. ഇതോടുകൂടി പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. രാജ്യത്തെ മുന്‍നിര കാര്‍, ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ഫ്‌ലെക്സ്-ഫ്യുവല്‍ എഞ്ചിനുകളുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്, അവ വരും മാസങ്ങളില്‍ പുറത്തിറക്കും.’ ഗഡ്കരി കൂട്ടിച്ചേർത്തു.