ബിനീഷ് കോടിയേരിയുടെ പരാതി; മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്കെതിരെ കേസെടുത്തു

single-img
19 March 2022

അപകീർത്തിപ്പെടുന്ന രീതിയിൽ തന്റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന ബിനീഷ് കോടിയേരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്കെതിരെ സൈബർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു. മദ്യക്കുപ്പിയുമായി നിൽക്കുന്ന ബിനീഷിന്റെ ചിത്രത്തോടൊപ്പം ‘കെ വാറ്റ് കേരളത്തിന്റെ സ്വന്തം വാറ്റ്’ എന്ന വാചകം എഴുതി ഷാജൻ സ്കറിയ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

കേസ് എടുത്തെങ്കിലും ഈ പോസ്റ്റ് ഇതുവരെ സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്തിട്ടില്ല. ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 469 ഉൾപ്പടെയുള്ള വകുപ്പനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെ തന്റെ മുഖം ഉപയോ​ഗിച്ചുകൊണ്ടാണ് സ്കറിയ പോസ്റ്റിട്ടതെന്നും ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് മുന്നിൽ കണ്ണടയ്ക്കാനാവില്ലെന്നും ബിനീഷ് കോടിയേരി പറയുന്നു.

കഴിഞ്ഞ 20 വർഷമായി എന്നെക്കുറിച്ച് ഇത്തരത്തിലുള്ള മോശം പ്രചാരണങ്ങൾ സ്കറിയയെപ്പോലുള്ള പലരും നടത്തുന്നുണ്ട്. നിലവിൽ ഞാൻ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു മേഖലയിൽ ജോലി ചെയ്യുന്ന സമയത്ത് മോശം പ്രചാരണങ്ങൾ വന്നാൽ മിണ്ടാതിരിക്കാനാവില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസിന് പരാതി നൽകിയത്. മറ്റുള്ളവരെ കുറിച്ച് അപവാദങ്ങളും അപനിർമ്മിതികളും നടത്തുന്ന മലീമസമായ മനസിന്റെ ഉടമയാണ് ഷാജൻ സ്കറിയ – ബിനീഷ് ഒരു ചാനലിനോട് പ്രതികരിക്കവേ പറഞ്ഞു.