വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ല; കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നത്: മുഖ്യമന്ത്രി

single-img
17 March 2022

കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലെ കെ റെയിൽ വിരുദ്ധ സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞു.

കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രകോപനങ്ങള്‍ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സമൂഹത്തിൽ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. ഇതുപോലുള്ള പ്രവണതകളില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറണമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ഏതെല്ലാം രീതിയിൽ പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി തെറ്റായ ഇടപെടലുകളും പ്രകോപനം സൃഷ്ടിക്കലും പൊലീസിനെ അക്രമിക്കലും സര്‍വ്വേ ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറണം. ഇതിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസാണ് എന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ കോണ്‍ഗ്രസ് ഏത് രീതിയിലേക്ക് മാറുന്നുയെന്നതിന്റെ തെളിവാണ് ഇതിലൂടെ കാണുന്നത്. അവരുടെ ഇടയിലും ചിന്തിക്കുന്നവരുണ്ട്, കെ റെയിൽ വിഷയത്തില്‍ യുഡിഎഫിനുള്ളിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ അക്രമത്തിലൂടെ യോജിപ്പുണ്ടാക്കാന്‍ ശ്രമിക്കരുത്. അത് നാടിന് വിനാശകരമാണ്. അതുകൊണ്ട് തെറ്റായ പ്രവണതകളില്‍ നിന്ന് പിന്‍മാറണമെന്നാണ് പറയാനുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.