അനിവാര്യമായ മതാചാരമല്ല; ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി

single-img
15 March 2022

ഹിജാബ് ധരിക്കുക എന്നത് അനിവാര്യമായ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി. വിഷയത്തിൽ സംസ്ഥാനത്തെ ഉഡുപ്പി പ്രി-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.

ഹർജി പരിഗണിച്ച മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്. വിഷയത്തിൽ സംസ്ഥാനത്തെ വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. അതേസമയം, ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. മാത്രമല്ല, ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍
കോടതിയിൽ ചൂണ്ടികാട്ടിയിരുന്നു.

ഇന്ത്യൻ ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. ഹർജിയിൽ പതിനൊന്ന് ദിവസം കോടതി കേസില്‍ വാദം കേട്ടിരുന്നു. നിലവിൽ കേസില്‍ വിധി വരുന്ന സാഹചര്യത്തില്‍ ബെംഗളൂരു നഗരത്തില്‍ അടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അടുത്ത ഒരാഴ്ചയോളം ഈ നിയന്ത്രണം തുടരും.