കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടന വേണ്ടെന്ന് വെച്ചു: കെ സുധാകരൻ

single-img
15 March 2022

കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടന വേണ്ടെന്ന് വെച്ചന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്ന് ചേർന്ന കെപിസിസി ഭാരവാഹിയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. മൂന്നു മാസങ്ങൾ നീണ്ട തയാറെടുപ്പുകള്‍ക്കു ശേഷം പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാറായപ്പോഴേക്കുമാണ് ഇങ്ങിനെ ഒരു തീരുമാനം വന്നിരിക്കുന്നത്.

അതേസമയം, യോഗത്തിൽ സംഘടനാ തിരഞ്ഞെടുപ്പിനുള്ള അംഗത്വവിതരണം തുടങ്ങാന്‍ കര്‍ശനനിര്‍ദേശം നല്‍കി. അംഗത്വ വിതരണത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ഉണ്ടാകുമെന്നും ഭാരവാഹി യോഗത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ ഡിസിസികളിലെ പുനഃസംഘടന അന്തിമഘട്ടത്തിലെത്തി നില്‍ക്കെ കെപിസിസി നേതൃത്വം തയാറാക്കിയ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക ഹൈക്കമാന്‍ഡ് നേരത്തെ മരവിപ്പിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍, എംപിമാര്‍ എന്നിവരടക്കമുള്ളവരുമായി വിശദ കൂടിയാലോചനയ്ക്കു ശേഷമേ പട്ടികയ്ക്ക് അന്തിമരൂപം നല്‍കാവൂ എന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തോടു നിര്‍ദേശിച്ചിരുന്നു.