ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരണമെന്ന ആചാരം ചില തന്ത്രിമാര്‍ കൊണ്ടുവന്ന തട്ടിപ്പ്; ആചാരങ്ങളില്‍ മാറ്റം വരണം: വെള്ളാപ്പള്ളി നടേശന്‍

single-img
14 March 2022

ക്ഷേത്രങ്ങളില്‍ പ്രാർത്ഥിക്കാൻ എത്തുന്ന പുരുഷന്‍മാര്‍ മേല്‍ വസ്ത്രം മാറ്റുന്ന കീഴ് വഴക്കത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരുന്നതുള്‍പ്പെടെയുള്ള ആചാരങ്ങളില്‍ മാറ്റം വരണമെന്ന് മുവാറ്റുപുഴ യൂണിയന് കീഴിലുള്ള ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തില്‍ അലങ്കാര ഗോപുര സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ക്ഷേത്രങ്ങളില്‍ എത്തുന്ന പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരണമെന്ന ആചാരം ചില തന്ത്രിമാര്‍ കൊണ്ടുവന്ന തട്ടിപ്പാണ്. ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും കാലോചിത മാറ്റം അനിവാര്യമാണെന്നും വിദ്യാഭ്യാസ-രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ സാമൂഹിക നീതിസമത്വം ഇനിയും നടപ്പിലായിട്ടില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

മറ്റുള്ളവരുടെ അവകാശങ്ങള്‍ പിടിച്ചെടുക്കുകയല്ല, മറിച്ച് നമുക്ക് അര്‍ഹതപ്പെട്ടത് നേടിയെടുക്കുന്നതിനായി സമുദായ അംഗങ്ങള്‍ സംഘടിച്ച് ശക്തരാവുക എന്ന ഗുരുദേവ വചനം ഉള്‍ക്കൊണ്ട് ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ആത്മീയകേന്ദ്രങ്ങള്‍ സാമൂഹിക ക്ഷേമ കേന്ദ്രങ്ങളാക്കി മാറ്റണം. ഭഗവാന് പണം ആവശ്യമില്ല. ഭഗവാന്റെ പേരില്‍ വരുന്ന പണം വിശക്കുന്ന ഭക്തന് വിശപ്പ് മാറ്റാന്‍ ഉപയോഗിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിര്‍മ്മിച്ചിരിക്കുന്ന നടപ്പന്തലിന്റെ സമര്‍പ്പണം ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.