ഞങ്ങള്‍ അതിര്‍ത്തിയിലേക്ക് നീങ്ങുന്നു; എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യൻ സർക്കാരും എംബസിയുമായിരിക്കും ഉത്തരവാദികളെന്ന് ഇന്ത്യന്‍ വിദ്യാർത്ഥികൾ

single-img
5 March 2022

ഉക്രൈനിലെ സുമിയില്‍ നിന്ന് തങ്ങൾ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യാ ഗവണ്‍മെന്റും എംബസിയുമായിരിക്കും ഉത്തരവാദികളെന്നും സുമിയിലെ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ വീഡിയോ സന്ദേശം പുറത്തുവന്നു.

അവസാന ശ്രമമെന്ന നിലയില്‍ തങ്ങള്‍ നഗര അതിര്‍ത്തിയിലേക്ക് നീങ്ങുകയാണെന്നും വിദ്യാർത്ഥികള്‍ സന്ദേശത്തില്‍ പറഞ്ഞു. ”റഷ്യ രണ്ട് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ഞങ്ങള്‍ അറിഞ്ഞത്. മരിയുപോളിലേക്ക് സുമിയില്‍ നിന്നും ഏകദേശം 600 കിലോ മീറ്റര്‍ ദൂരമുണ്ട്. രാവിലെ മുതല്‍ ഇവിടെ തെരുവ് യുദ്ധത്തിന് സമാനമായ രീതിയില്‍ ഷെല്ലാക്രമണം നടക്കുകയാണ്.

ഞങ്ങള്‍ വളരെ സമയം കാത്തിരുന്നു. ഇനിയും കാത്തിരിക്കാനാവില്ല. ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ഞങ്ങള്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണ്. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യന്‍ എംബസിയും സർക്കാരുമായിരിക്കും ഉത്തരവാദികള്‍. ‘ഓപ്പറേഷൻ ഗംഗ’ ഒരു വലിയ പരാജയമാണ്. ഇത് ഞങ്ങളുടെ അവസാന വീഡിയോയാണ്. അവസാന അഭ്യര്‍ഥനയാണ്- വിദ്യാർത്ഥികള്‍ പറഞ്ഞു.