ദൈവത്തെയോർത്ത് ദയവായി നിർത്തൂ; ഖാർകിവിൽ നിന്ന് പുറത്തുകടക്കാൻ പാടുപെടുമ്പോൾ അവരെ കുറ്റപ്പെടുത്തരുത്; വി മുരളീധരനെതിരെ പ്രിയങ്ക ചതുർവേദി

single-img
3 March 2022

കേന്ദ്ര സർക്കാർ ആവശ്യമായ നിർദേശം നൽകിയിട്ടും ഉക്രൈൻ വിട്ട് പോകാൻ വിദ്യാർഥികൾ തയ്യാറായില്ലെന്ന കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്കെതിരെ ശിവസേന എം പി പ്രിയങ്ക ചതുർവേദി . ‘സാർ, ദൈവത്തെയോർത്ത് ദയവുചെയ്ത് നിർത്തൂ. വിദ്യാർഥികൾ മാനസികമായി തളർന്നിരിക്കുകയാണ്. ഖാർകിവിൽ നിന്ന് പുറത്തുകടക്കാൻ പാടുപെടുമ്പോൾ അവരെ കുറ്റപ്പെടുത്തരുത്,’ പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ എഴുതി.

ഇതുമായി ബന്ധപ്പെട്ട വി മുരളീധരന്റെ പ്രസ്താവന പങ്കുവെച്ചാണ് പ്രിയങ്കയുടെ പ്രതികരണം. ‘ ഞങ്ങൾ ഒരിക്കലും വിദ്യാർഥികളെ ഒഴിപ്പിക്കാൻ വൈകിയെന്ന ആരോപണം ശരിയല്ല. ഓൺലൈൻ ക്ലാസുകൾ നടത്താൻ സർവകലാശാലകൾ തയ്യാറാകാത്തതിനാൽ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയായിരുന്നു ‘ എന്നാണ് വി മുരളീധരൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

‘ഉക്രൈൻ വിടണമെന്ന് കഴിഞ്ഞ മാസം 24 ന് തന്നെ വിദ്യാർഥികൾക്ക് നിർദേശം നൽകിയിരുന്നു’ വെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മുരളീധരന്റെ ഈ പ്രസ്താവനകൾക്കെതിരെയാണ് ശിവസേന എം പി രംഗത്തെത്തിയത്.