ഹിജാബ് ധരിച്ചവരെ വെട്ടിനുറുക്കണം; ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയ എബിവിപി നേതാവിനെതിരെ കേസെടുത്തു

single-img
2 March 2022

കർണാടകയിലെ ഹിജാബ് വിഷയത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയതിന് ബിജെപി വിദ്യാർത്ഥി സംഘടനയായ എബിവിപിയുടെ നേതാവിനെതിരെ കേസെടുത്തു. സംസ്ഥാനത്തെ ഹാവേരി ജില്ലയിലെ നേതാവ് പൂജ വീരഷെട്ടിക്കെതിരെയാണ് വിജയപുര പൊലീസ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്തെ മുസ്‌ലിങ്ങളെ, പ്രത്യേകിച്ചും ഉഡുപ്പി പിയുകോളേജില്‍ ഹിജാബ് നിരോധനത്തെ എതിര്‍ക്കുന്ന ആറ് വിദ്യാര്‍ത്ഥിനികളെ ആക്രമിക്കണം എന്ന രീതിയിൽ പ്രസംഗിച്ചതിന്റെ പേരിലാണ് കേസ്.ഹിജാബ് വിവാദം ശക്തമായ ശിവമൊഗയില്‍ നിന്നുള്ള ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു പൂജ വീരഷെട്ടിയുടെ വിവാദ പ്രസ്താവന.

പ്രവർത്തകന്റെ മരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് വിജയപുരയില്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ ‘ഹിജാബ് ധരിച്ചവരെ വെട്ടിനുറുക്കണം’ എന്ന രീതിയിലായിരുന്നു വീരഷെട്ടി പ്രസംഗിച്ചത്. ഹിജാബ് വിവാദത്തെ പരാമർശിച്ച് പൂജ മുസ്ലീങ്ങളെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയെ ഹിജാബ് രാഷ്ട്രമാക്കാൻ അവർ (ഹിന്ദുത്വ സംഘടനകൾ) അനുവദിക്കില്ലെന്നും അവർ പറഞ്ഞിരുന്നു.


വിവാദ പ്രസംഗത്തിലെ വാക്കുകൾ: ”നമ്മുടെ രാജ്യം കാവിയാണ്. ഇതുവരെ ഉണ്ടായ അറസ്റ്റുകളില്‍ സന്തോഷമുണ്ട്. പക്ഷെ ഇത് മാത്രം മതിയാകില്ല. നിങ്ങള്‍ സര്‍ക്കാരിന് അത് ചെയ്യാനാകുന്നില്ലെങ്കില്‍, ഞങ്ങള്‍ക്ക് ഒരു 24 മണിക്കൂര്‍ തരൂ. അല്ലെങ്കില്‍ ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒരു മണിക്കൂര്‍ സമയം തരൂ. ഈ ആറ് പെണ്‍കുട്ടികളെ മാത്രമല്ല, ഹിജാബ് ധരിച്ച 60,000 പേരെയും ഞങ്ങള്‍ കഷണങ്ങളാക്കി വെട്ടിനുറുക്കും,”