ഉക്രൈനില്‍നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍കൂടി തിരിച്ചെത്തി; ‘ഓപ്പറേഷന്‍ ഗംഗ’ യിലൂടെ മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ഥികളുടെ ആകെ എണ്ണം 184

single-img
1 March 2022

ഉക്രൈനില്‍നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍കൂടി ഇന്ന് രാജ്യത്തേക്ക് മടങ്ങിയെത്തി. ന്യൂഡല്‍ഹിയിലെ വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന് എത്തിയത്. ഇതോടുകൂടി ‘ഓപ്പറേഷന്‍ ഗംഗ’ രക്ഷാദൗത്യത്തിലൂടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ഥികളുടെ ആകെ എണ്ണം 184 ആയി ഉയർന്നു.

ഇന്ന് ബുക്കാറസ്റ്റില്‍നിന്നും ബുഡാപെസ്റ്റില്‍നിന്നുമുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങളിലാണ് 47 മലയാളി വിദ്യാര്‍ഥികള്‍ ഉച്ചയോടെ ന്യൂഡല്‍ഹി വിമാനത്താവളത്തിൽ എത്തിയത്. ഇവരിൽ 11 പേരെ കണ്ണൂര്‍ വിമാനത്താവളം വഴിയും 20 പേരെ കൊച്ചി വിമാനത്താവളം വഴിയും 16 പേരെ തിരുവനന്തപുരം വിമാനത്താവളം വഴിയും ഇന്നുതന്നെ നാട്ടിലെത്തിക്കും.

ബുക്കാറെസ്റ്റില്‍ന്നുള്ള മറ്റൊരു എയര്‍ഇന്ത്യാ വിമാനം ഇന്ന് രാത്രി 9.20ന് ഡല്‍ഹിയില്‍ എത്തുന്നുണ്ട്.ഇതിലും മലയാളി വിദ്യാര്‍ഥികള്‍ ഉണ്ട്. ഡല്‍ഹി വിമാനത്താവളം വഴി ഇതുവരെ 152 മലയാളി വിദ്യാര്‍ഥികള്‍ മടങ്ങിയെത്തിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്തേക്ക് വിദ്യാര്‍ഥികളെ വിമാന ടിക്കറ്റ് ലഭ്യതയനുസരിച്ചു കേരളത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്.