ഉക്രൈൻ രക്ഷാപ്രവർത്തനം; എയർ ഇന്ത്യ വിമാനത്തിന്റെ വാടക മണിക്കൂറിന് 8 ലക്ഷം

single-img
28 February 2022

ഉക്രൈനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗയ്ക്ക് കേന്ദ്രത്തിന് വേണ്ടി സർവീസ് നടത്തുന്നത് എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളാണ്. ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ എയർ ഇന്ത്യ മണിക്കൂറിന് ഏഴ് മുതൽ എട്ട് ലക്ഷം രൂപ വരെ വാടകയ്ക്കാണ് കേന്ദ്ര സർക്കാറിനുവേണ്ടി എയർഇന്ത്യ സർവീസ് നടത്തുന്നത് എന്നാണ് വിവരം.

രണ്ടുഭാഗത്തേക്കുമുള്ള സർവീസ് പൂർത്തിയാകുമ്പോൾ എയർ ഇന്ത്യയ്ക്ക് കേന്ദ്രസർക്കാർ നൽകേണ്ടി വരിക 1.10 കോടി രൂപ വരെ ആയിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഹംഗറി, റൊമാനിയ എന്നീ ഉക്രൈൻ അയൽ രാജ്യങ്ങളിൽ നിന്ന് ഡ്രീംലൈനർ എന്നറിയപ്പെടുന്ന ബോയിംഗ് 787 എയർ ഇന്ത്യ വിമാനത്തിൽ ആണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്.

ഇതിനെല്ലാം പുറമെ വിമാനത്തിന് ചിലവാകുന്ന ഇന്ധനം, ജീവനക്കാരുടെ ചെലവ്, നാവിഗേഷൻ, ലാൻഡിങ്ങിനും പാർക്കിങ്ങിനും ഉള്ള ചെലവുകൾ എല്ലാം കേന്ദ്ര സർക്കാർ വഹിക്കണം. വിമാനത്തിൽ രണ്ട് സെറ്റ് ജീവനക്കാരാണ് ഉണ്ടാവുക. ഹംഗറിയിലെ ബുഡാപെസ്റ്റ്, റൊമാനിയയിലെ ബുച്ചാറെസ്റ്റ് എന്നീ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യയ്ക്ക് നിലവിൽ സർവീസുകൾ ഇല്ല. ആറു മണിക്കൂറോളം സമയമെടുത്താണ് മലയാളികളടക്കം ഇന്ത്യക്കാരെ എയർ ഇന്ത്യ വിമാനത്തിൽ ദില്ലിയിലും മുംബൈയിലും എത്തിച്ചത്.