വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നേതൃത്വം നല്‍കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാണ് കാലം ഏല്‍പ്പിച്ചിരിക്കുന്നത്: വീണാ ജോർജ്

single-img
27 February 2022

ഈ കാലഘട്ടത്തിൽ വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നേതൃത്വം നല്‍കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാണ് കാലം ഏല്‍പ്പിച്ചിരിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഒരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും പ്രതിപക്ഷമായി കാണുന്നത് അവരുടെ ഭയം കൊണ്ടാണെന്നും ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.

വര്‍ത്തമാനകാല ഇന്ത്യയില്‍ ജനാധിപത്യവും മതേതരവും ഭരണഘടനയും നേരിടുന്ന വെല്ലുവിളികളെ നന്നായി തിരിച്ചറിയുകയും ഫലപ്രദമായി പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്ഐയെന്നും മന്ത്രി ഓർമ്മപ്പെടുത്തി.

നിലവിലെ സാഹചര്യങ്ങളിൽ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ജനകീയ ബദലുകളെ രാജ്യത്തെ ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ ഭയപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഏപ്രില്‍ 27, 28, 29, 30 തിയതികളിൽ പത്തനംതിട്ടയിലാണ് ഇത്തവണ നടക്കുന്നത്.