സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ; ആശിർവാദ് ഉൾപ്പെടെ ആറു തിയേറ്ററുകളെ സസ്പെൻഡ് ചെയ്ത് ഫിയോക്

single-img
26 February 2022

സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന കാരണത്താൽ സംസ്ഥാനത്തെ ആശിർവാദ് ഉൾപ്പടെയുള്ള ആറ് തിയേറ്ററുകൾ താത്കാലികമായി സസ്‌പെൻഡ് ചെയ്ത് ഫിയോക്. ആശിവാദിന്റെ എല്ലാ തിയേറ്ററുകളും, ട്രിനിറ്റി മൂവി മാക്സ് പത്തനംതിട്ട , ജെബി സിനിമാസ് നല്ലിള, ജെബി തപസ്യ തിയേറ്റർ ആറ്റിങ്ങൽ, വിനായക തിയേറ്റർ കാഞ്ഞങ്ങാട്, ഏരീസ് പ്ലസ് തിരുവനന്തപുരം എന്നിവയാണ് നടപടി നേരിട്ടത്.

ഈ തിയേറ്ററുകളുടെ ഉടമകൾക്ക് തങ്ങളുടെ കാര്യങ്ങൾ ബോധിപ്പിക്കാൻ മാർച്ച് മാസം വരെ അവസരം നൽകിയിട്ടുണ്ട്. ആ സമയം ചേരുന്ന ജനറൽ ബോഡി യോഗത്തിൽ നടപടി നേരിടുന്ന തിയേറ്റർ ഉടമകൾക്ക് പങ്കെടുക്കാൻ അവസരമുണ്ടാകും. അതിനു ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ അറിയിച്ചു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ ഒടിടി റിലീസിനൊപ്പം പ്രദർശിപ്പിച്ചുവെന്ന് കാണിച്ചാണ് ആശിർവാദ് ഉൾപ്പെടെയുള്ള ആറ് തിയേറ്ററുകൾക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം, താൻ സംഘടനയിൽ നിന്ന് നേരത്തെ തന്നെ രാജി വച്ചതാണ് എന്നും അതുകൊണ്ട് തന്നെ ആശിർവാദിനെ എങ്ങനെ സസ്പെൻഡ് ചെയ്യാനാകുമെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചോദിക്കുന്നു.