ഉക്രൈന്‍ സൈന്യത്തോട് പട്ടാള അട്ടിമറി നടത്താന്‍ ആഹ്വാനവുമായി വ്‌ളാഡിമിര്‍ പുടിന്‍

single-img
25 February 2022

ഒരുവശത്ത് ചർച്ചയും മറുവശത്ത് അധിനിവേശ പ്രകോപനവും എന്ന സമീപനമാണ് ഇപ്പോള്‍ റഷ്യയുടെ ഭാഗത്തുനിന്നും ഉക്രൈനിൽ ഉണ്ടാകുന്നത്. ഇന്ന് വൈകിട്ടാണ് മണിക്കൂറുകള്‍ക്ക് മുമ്പാണ് സമവായ നീക്കവുമായി റഷ്യന്‍ നയതന്ത്ര സംഘത്തെ ബലാറസിലെ മിന്‍സ്‌കിലേക്ക് അയയ്ക്കാമെന്ന് പുടിന്‍ പറഞ്ഞതായുള്ള വിവരങ്ങള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

എന്നാൽ അതിനിടെ ഒരു ടെലിവിഷന്‍ അഭിസംബോധനയ്ക്കിടെ ഉക്രൈന്‍ സൈന്യത്തോട് പട്ടാള അട്ടിമറി നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഉക്രൈനിൽ ഇപ്പോഴുള്ള സര്‍ക്കാര്‍ ഭീകരരുടേതാണെന്നും നവ നാസികളും ലഹരിക്ക് അടിമപ്പെട്ടവരുമാണെന്നും പുടിന്‍ പറഞ്ഞു.

ഭരണകൂടത്തെ പുറത്താക്കി പകരം രാജ്യത്തെ സൈന്യത്തോട് അധികാരം കൈയ്യിലെടുക്കാനാണ് പുടിന്റെ ആഹ്വാനം. റഷ്യൻ വിദേശകാര്യ മന്ത്രിയും നേരത്തെ സമാന പ്രസ്താവന നടത്തിയിരുന്നു. ഉക്രൈന്‍ ജനത സ്വതന്ത്രരാകണം എന്നതാണ് റഷ്യയുടെ ആഗ്രഹം എന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ വാക്കുകള്‍.