ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന തമിഴ്‌നാട്ടിൽനിന്നുള്ള വിദ്യാർത്ഥികളെ സ്വന്തം ചെലവിൽ തിരികെയെത്തിക്കും: എംകെ സ്റ്റാലിൻ

single-img
25 February 2022

റഷ്യയുടെ ആക്രമണത്തിൽ ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന തമിഴ്‌നാട്ടിൽനിന്നുള്ള വിദ്യാർത്ഥികളെ സ്വന്തം ചെലവിൽ തിരിച്ചെത്തിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കാൻ ശ്രമങ്ങൾ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഊർജിതമായി നടക്കുന്നതിനിടെയാണ് തമിഴ്‌നാട് ഭരണകൂടത്തിന്റെ ഈ പ്രഖ്യാപനം.

നിലവിൽ തമിഴ്‌നാട്ടിൽനിന്നുള്ള 5,000ത്തോളം വിദ്യാർത്ഥികളും മറ്റ് കുടിയേറ്റക്കാരുമാണ് ഉക്രൈനിലുള്ളതെന്നാണ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് അയച്ച കത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടിയത്. ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു.

തമിഴ്നാട്ടുകാരെ നാട്ടിലെത്തിക്കുന്ന നടപടികൾ കൈകാര്യം ചെയ്യാൻ മാത്രമായി ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതായും സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെ അദ്ദേഹം സൂചിപ്പിച്ചു.ഇതിനു പുറമെ ഇവരെ നാട്ടിലെത്തിക്കുന്ന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി സംസ്ഥാനാടിസ്ഥാനത്തിൽ ഒരു നോഡൽ ഓഫീസറെ തമിഴ്‌നാട് സർക്കാർ നിയമിച്ചിട്ടുമുണ്ട്.