ഉക്രയ്‌നിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരുന്നു: മുഖ്യമന്ത്രി

single-img
25 February 2022

റഷ്യൻ ആക്രമണത്തിൽ ഉക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ സെല്‍ നോര്‍ക്കയില്‍ ആരംഭിച്ചു.

സ്ഥിതിഗതികൾ അറിയാൻ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

ഉക്രയ്‌നിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണ്. അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തനസജ്ജമായ സെൽ നോർക്കയിൽ ആരംഭിച്ചു. നോർക്കയുടെ ഇ മെയിൽ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം.

കഴിഞ്ഞ ദിവസം പകൽ 22 യൂണിവേഴ്സിറ്റികളിൽ നിന്നായി 468 വിദ്യാർത്ഥികളും രാത്രി 20 യൂണിവേഴ്സിറ്റികളിൽ നിന്ന് 318 വിദ്യാർത്ഥികളും നോർക്കയുമായി ബന്ധപ്പെട്ടുകഴിഞ്ഞു.

സ്ഥിതിഗതികൾ അറിയാൻ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

മലയാളികൾ അടക്കമുള്ളവരെ പുറത്തെത്തിക്കാൻ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യക്കാരെ ഉക്രൈനിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ റോഡ് മാർഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എയർ ഇന്ത്യ വിമാനങ്ങൾ നാളെ റൊമേനിയയിലേക്ക് അയക്കും എന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ ഉക്രൈനിലുള്ളവർക്ക് കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം [email protected] എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.

മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ [email protected] എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.