ആറ് നിലകളിലായി സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം; മുഖ്യമന്ത്രി തറക്കല്ലിട്ടു

single-img
25 February 2022

കേരളത്തിൽ സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. തലസ്ഥാനമായ തിരുവനന്തപുരത്ത് എകെജി സെന്ററിന് സമീപം പാര്‍ട്ടി വാങ്ങിയ സ്ഥലത്താണ് ആറു നിലകളിലായി പുതിയ മന്ദിരം നിര്‍മ്മിക്കുക. കെട്ടിടത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടു. ഇപ്പോഴുള്ള എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

എകെജി സെന്ററിന്റെഎതിര്‍വശത്തായി 31.95 സെന്റ് സ്ഥലമാണ് പാര്‍ട്ടി വാങ്ങിയത്. ഇവിടെ പരിസ്ഥിതി സൗഹൃദമായ ഗ്രീന്‍ ബില്‍ഡിങ്ങായി നിര്‍മ്മിക്കാനാണ് പദ്ധതി. ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി.

പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു. പൈലിങ് ജോലിയുടെ സ്വച്ച് ഓണ്‍ പിബി അംഗം എംഎ ബേബി നിര്‍വ്വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എ വിജരാഘവന്‍, എകെ ബാലന്‍, കെകെ ശൈലജ, ആനത്തലവട്ടം ആനന്ദന്‍ , എംഎം മണി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെത്തി.