ഹിജാബ് നിരോധനം തുടരണമെന്ന ഉറച്ച നിലപാടിൽ കർണാടക സർക്കാർ; ഹൈക്കോടതി കേസ് വിധി പറയാനായി മാറ്റി

single-img
25 February 2022

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ കർണാടക ഹൈക്കോടതിയിൽഇന്ന് വാദം പൂർത്തിയായതിനെ തുടർന്ന് ഹർജി കോടതി വിധി പറയാനായി മാറ്റി.

തുടർച്ചയായി പതിനൊന്ന് ദിവസം വാദം കേട്ട ശേഷമാണ് കോടതി ഹർജിയിൽ അന്തിമ വിധി പ്രസ്താവനത്തിനായി മാറ്റിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അതേസമയം, ഹിജാബ് നിരോധനം തുടരണമെന്ന ഉറച്ച നിലപാടാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്.

ഉദാഹരണമായി ശബരിമല, മുത്തലാഖ് വിധികളും തങ്ങളുടെ വാദത്തിന് ആധാരമായി കർണാടക സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു. കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ്ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. അതേസമയം, വെള്ളിയാഴ്ചകളിലും റമസാൻ ദിനത്തിലും ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള മറ്റൊരു ഹർജി കർണാടക ഹൈക്കോടതി ഇന്ന് തള്ളി. പ്രത്യേക സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ വിദ്യാർത്ഥികളാണ് ഹർജി നൽകിയിരുന്നത്.