എല്ലാ എംഎല്‍എമാര്‍ക്കും ഐഫോണ്‍ സമ്മാനമായി നല്‍കി അശോക് ഗെഹലോട്ട് സര്‍ക്കാര്‍; തിരികെ നല്‍കുമെന്ന് തീരുമാനിച്ചതായി ബിജെപി

single-img
24 February 2022

രാജസ്ഥാൻ നിയമസഭയിൽ കഴിഞ്ഞ ദിവസം ബജറ്റ് അവതരണത്തിന് ശേഷം എല്ലാ എംഎല്‍എമാര്‍ക്കും ഐഫോണ്‍ സമ്മാനമായി നല്‍കി അശോക് ഗെഹലോട്ട് സര്‍ക്കാര്‍. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ ഈ സംഭവം വിവാദമായതോടെ ഫോണുകള്‍ തിരികെ നല്‍കാന്‍ ഒരുങ്ങുകയാണ് ബിജെപി എംഎല്‍എമാര്‍.
രാജസ്ഥാൻ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ബിജെപിയുടെ എല്ലാ എംഎല്‍എമാരും ഫോണുകള്‍ തിരികെ നല്‍കുമെന്ന് തീരുമാനിച്ചതായി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ അറിയിക്കുകയായിരുന്നു.

ഇന്നലെയായിരുന്നു നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം 200 എംഎല്‍എമാര്‍ക്കും ഐഫോണ്‍ 13 സമ്മാനിച്ചത്. അതേസമയം, കഴിഞ്ഞ വര്‍ഷം എംഎല്‍എമാര്‍ക്ക് ബജറ്റിന്റെ പകര്‍പ്പിനൊപ്പം ഐപാഡുകള്‍ സമ്മാനിച്ചിരുന്നു. ഇത്തവണ 75,000 മൂതല്‍ ഒരു ലക്ഷം രൂപ വരെ വില വരുന്ന ഫോണുകളാണ് നല്‍കിയിരിക്കുന്നത്. ഈ ഇനത്തിൽ മാത്രം ഏകദേശം 1.5 കോടി രൂപയുടെ ചെലവാണ് വന്നത്. സംസ്ഥാനത്തെ 200 അംഗ സഭയില്‍ ബിജെപിക്ക് 71 എംഎല്‍എമാരാണ് ഉള്ളത്.

കോവിഡ് വൈറസ് വ്യാപന തരംഗത്തിനിടിയില്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും ഐഫോണുകള്‍ വിതരണം ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.