റഷ്യ വിജയകരമായി ഹൈപ്പർസോണിക്, ക്രൂസ്, ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ടുകൾ

single-img
19 February 2022

അതിർത്തിയിൽ ഉക്രെയ്‌നുമായുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സൈനിക അഭ്യാസങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാൻ റഷ്യ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തിച്ചേർന്നു. റഷ്യ തങ്ങളുടെ ഹൈപ്പർസോണിക്, ക്രൂസ്, ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ.

റഷ്യൻ ആണവസേനയുടെ പരീക്ഷണം വിജയിച്ചതായി റഷ്യൻ ഭരണകൂടം അന്താരാഷ്‌ട്ര മാധ്യമങ്ങളെ അറിയിച്ചു. ‘ഞങ്ങളുടെ എല്ലാ മിസൈലുകളും ലക്ഷ്യസ്‌ഥാനം കൈവരിച്ചു. -റഷ്യൻ ജനറൽ സ്റ്റാഫ് തലവൻ വലേറി ജെറാസിനോവ് പറഞ്ഞു.

റഷ്യൻ ആണവസേന തങ്ങളുടെ ആയുധങ്ങൾ ബെലാറൂസിലായിരുന്നു പരീക്ഷിച്ചത്. ഏകദേശം അരലക്ഷത്തോളം വരുന്ന റഷ്യൻ സൈന്യം അവിടെ ഇനിയും തുടർന്നേക്കാനാണു സാധ്യത.ടി-യൂ 95 ബോംബറുകൾ, അന്തർവാഹിനികൾ എന്നിവയും പരീക്ഷണത്തിന് ഉപയോഗിച്ചെന്നാണു റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം റഷ്യ സന്ദർശിച്ച ബലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായി മിസൈൽ പരീക്ഷണം വീക്ഷിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജെറാസിനോവ്. ‘തികച്ചും സാങ്കേതികമായ ഒരു നടപടി എന്ന നിലയ്ക്കാണ് തന്ത്രപരമായ ഡ്രില്ലുകൾ ഞങ്ങൾ നടത്തിവരുന്നത്. ഏതെങ്കിലും ഘട്ടത്തിൽ തിരിച്ചടി ആക്രമണം നടത്തേണ്ട പക്ഷം ഞങ്ങളെ പ്രാപ്തരാക്കാൻ ഇത്തരം നടപടികൾ ഉപകരിക്കും’-ജെറാസിനോവ് കൂട്ടിച്ചേർത്തു.