ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടന പഠിപ്പിക്കാന്‍ മാത്രം വിഡി സതീശന്‍ വളര്‍ന്നിട്ടില്ല: എം ടി രമേശ്

single-img
19 February 2022

സംസ്ഥാന ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടന പഠിപ്പിക്കാന്‍ മാത്രം വിഡി സതീശന്‍ വളര്‍ന്നിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ എന്ത് ഉത്തരവാദിത്വമാണ് സതീശന്‍ നിര്‍വ്വഹിക്കുന്നതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എംടി രമേശ് ചോദിച്ചു.

സര്‍ക്കാരിന്റെ ഏറാന്‍മൂളികളായി നില്‍ക്കുന്ന ഡമ്മികളല്ല ഗവര്‍ണര്‍മാര്‍. അവര്‍ ഭരണഘടനയുടെ കാവല്‍ക്കാരനാണ്. മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിലേക്കുള്ള രാഷ്ട്രീയ നിയമനങ്ങളെക്കുറിച്ചും അവര്‍ക്കു ലഭിക്കുന്ന അനര്‍ഹമായ ആനുകൂല്യങ്ങളിലുള്ള അനീതിയെക്കുറിച്ചും ഗവര്‍ണര്‍ ഉന്നയിച്ച അതീവ ഗൗരവമുള്ള ആരോപണത്തെ കുറിച്ച് പ്രതിപക്ഷം എന്താണ് ഒന്നും മിണ്ടാത്തതെന്നും രമേശ് ചോദിക്കുന്നു.

എം ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:

ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് വിഡി സതീശന്‍ മാപ്പു പറയണം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടന പഠിപ്പിക്കാന്‍ മാത്രം വി.ഡി സതീശന്‍ വളര്‍ന്നിട്ടില്ല.പ്രതിപക്ഷ നേതാവിന്റെ പണി വൃത്തിയായി നിര്‍വ്വഹിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് കഞ്ഞിവെയ്ക്കുന്ന വി.ഡി സതീശന് പകരം ആക്ടിങ് പ്രതിപക്ഷ നേതാവായിരിക്കുന്ന രമേശ് ചെന്നിത്തല സതീശന് ചില കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.

പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ എന്ത് ഉത്തരവാദിത്വമാണ് വി.ഡി സതീശന്‍ നിര്‍വ്വഹിക്കുന്നത്.സര്‍ക്കാര്‍ കാണിക്കുന്ന ഏത് കൊള്ളരുതായ്മയ്ക്കും കൈയ്യടിക്കുന്ന പ്രതിപക്ഷ നേതാവ് ആ പദവി രാജിവെച്ച് മന്ത്രിസഭയില്‍ ചേരുന്നതാണ് നല്ലത്.കോവിഡ് പ്രതിസന്ധി മറികടക്കാന്‍ യഥേഷ്ടം കടം വാങ്ങുന്ന പിണറായി സര്‍ക്കാര്‍ ചെയ്ത ഒരു ധൂര്‍ത്ത് ചൂണ്ടിക്കാണിച്ചതാണോ ഗവര്‍ണര്‍ ചെയ്ത കുറ്റം.

സര്‍ക്കാരിന്റെ ഏറാന്‍മൂളികളായി നില്‍ക്കുന്ന ഡമ്മികളല്ല ഗവര്‍ണര്‍മാര്‍. അവര്‍ ഭരണഘടനയുടെ കാവല്‍ക്കാരനാണ്. മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിലേക്കുള്ള രാഷ്ട്രീയ നിയമനങ്ങളെക്കുറിച്ചും അവര്‍ക്കു ലഭിക്കുന്ന അനര്‍ഹമായ ആനുകൂല്യങ്ങളിലുള്ള അനീതിയെക്കുറിച്ചും ഗവര്‍ണര്‍ ഉന്നയിച്ച അതീവ ഗൗരവമുള്ള ആരോപണത്തെ കുറിച്ച് പ്രതിപക്ഷം എന്താണ് ഒന്നും മിണ്ടാത്തത്.

പഴ്‌സനല്‍ സ്റ്റാഫിലെത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്ന അനര്‍ഹമായ സൗകര്യങ്ങള്‍ ഇനിയെങ്കിലും എടുത്തു കളയണം.ഗവര്‍ണറെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയാന്‍ വി.ഡി സതീശന്‍ തയ്യാറാകണം.രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും സംഘടനകള്‍ മാറി പ്രവര്‍ത്തിക്കുന്നതും സ്വാഭാവികമാണ്.

ബോഫേഴ്‌സ് അഴിമതിയുടെ പേരില്‍ രാജീവ് ഗാന്ധിയോട് പ്രതിഷേധിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്‍ കോണ്‍ഗ്രസ് വിടുന്നത്. ഷാബാനു കേസില്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ പ്രതിഷേധിച്ചാണ് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെക്കുന്നത്, നിലപാടുകളുള്ള മനുഷ്യര്‍ വിയോജിപ്പുകള്‍ പ്രകടിപ്പിക്കും ചിലപ്പോള്‍ പ്രസ്ഥാനങ്ങള്‍ മാറും അതിനെ അവഹേളിക്കേണ്ടതില്ല.മറിച്ച് സ്വന്തം പദവിക്ക് നിരക്കാത്ത രീതിയിലുള്ള സതീശന്റെ പ്രതികരണങ്ങളാണ് മാറ്റേണ്ടത്.