മുത്തലാഖ് നിരോധനം; ഞങ്ങളുടെ സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകള്‍ക്കൊപ്പമാണ്: പ്രധാനമന്ത്രി

single-img
18 February 2022

കേന്ദ്രം രാജ്യത്ത് നടപ്പാക്കിയ മുത്തലാഖ് നിരോധന നിയമത്തിനെതിരെ സംസാരിച്ച യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ചിന്തയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള മുസ്‌ലിം സഹോദരിമാരുടെയും പെണ്‍മക്കളുടെയും അനുഗ്രഹം എനിക്ക് ലഭിക്കുന്നുണ്ട്. കാരണം അവരെ സംരക്ഷിക്കാന്‍ ഞാന്‍ വലിയ സേവനം ചെയ്തിട്ടുണ്ട്. വളരെ വേഗം വിവാഹമോചനം നേടിയതിന് ശേഷമുള്ള നമ്മുടെ സഹോദരിമാരുടെ ദയനീയാവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ.

അവര്‍ എവിടേക്ക് പോകും? വിവാഹമോചനത്തിന് ശേഷം സ്ത്രീകളെ അവരുടെ മാതാപിതാക്കളുടെ, സഹോദരന്റെ, അമ്മയുടെ അടുത്തേക്ക് അയക്കുന്നത് ഒന്ന് ചിന്തിക്കൂ. ഈ സമയം ഞാൻ വോട്ടിനെക്കുറിച്ചോ, എന്റെ പദവിയെക്കുറിച്ചോ, രാജ്യത്തേക്കുറിച്ചോ അതിലെ ജനങ്ങളെക്കുറിച്ചോ മാത്രമാണ് ചിന്തിക്കുന്നത്. എന്നാൽ ഇവിടെയുള്ള പ്രതിപക്ഷം മുത്തലാഖിനെ എതിര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

‘മുത്തലാഖ് എന്ന് പേരുള്ള സ്വേച്ഛാധിപത്യത്തില്‍ നിന്ന് മുസ്‌ലിം സഹോദരിമാരെ നമ്മൾ മോചിപ്പിച്ചു. ഇതിനെ തുടർന്ന് മുസ്‌ലിം സഹോദരിമാര്‍ ബിജെപിയെ പരസ്യമായി പിന്തുണയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ഇവിടുത്തെ മറ്റ് പാര്‍ട്ടിക്കാര്‍ അസ്വസ്ഥരായി. ഞങ്ങളുടെ സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകള്‍ക്കൊപ്പമാണ്,’ – പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.