ഇത്രയും നട്ടെല്ലില്ലാത്ത ഗവര്‍ണര്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപനം കേള്‍ക്കാതിരിക്കുന്നതാണ് നല്ലത്: കെ സുധാകരൻ

single-img
17 February 2022

ഇത്രയും നട്ടെല്ലില്ലാത്ത ഗവര്‍ണര്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ നയപ്രഖ്യാപനം കേള്‍ക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് തന്റെ വ്യക്തിപരമായി അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ബഹിഷ്‌കരണം സംബന്ധിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്യും. ഈ നാണംകെട്ട ഗവര്‍ണറുടെ നാണംകെട്ട നടപടിയെക്കുറിച്ച് പ്രതികരിക്കുന്നത് തന്നെ നാണക്കേടാണ്.

സംസ്ഥാനം ഇന്നുവരെ ഇങ്ങനെയൊരു ഗവര്‍ണറെ കണ്ടിട്ടില്ലെന്നും എന്തെങ്കിലും പറയുന്ന കാര്യത്തില്‍ ഒരു അഭിപ്രായ സ്ഥിരത വേണ്ടേ, വലിയ കാര്യംപോലെ പറയും. ഒടുവില്‍ അതെല്ലാം കൊണ്ടുപോയി കീഴങ്ങും. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ ദല്ലാളാണ് ഗവര്‍ണറെന്നും സുധാകരന്‍ പരിഹസിച്ചു. ആദ്യമൊക്കെ പടപ്പുറപ്പാട് കണ്ടാല്‍ ഭയപ്പെടും. ഗവര്‍ണര്‍ ഇപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്തു കളയും എന്ന് കകരുതും. പക്ഷെ മണിക്കൂറുകളും ദിവസങ്ങളുമെല്ലാം കഴിയുമ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി ഒരഭിമാന ബോധമില്ലാതെ മാധ്യമങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കും.

അദ്ദേഹം ഗവര്‍ണറുടെ സ്ഥാനത്തിന് അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടന്നുപോകുന്നത് ബിജെപിയുടെ ഒത്താശയോടെയല്ലേ?… ഇതുവരെ ഏത് വിഷയത്തിലാണ് ബിജെപി ഇവരെ സഹായിക്കാത്തത്. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരേയുള്ള ഏതെങ്കിലും കേസില്‍ ചലനമുണ്ടായോ. മുഖ്യമന്ത്രി അത്തരം കേസുകളില്‍ ഭയപ്പാടില്ലാത്തതിന് കാരണം സംരക്ഷിക്കാന്‍ മുകളില്‍ നരേന്ദ്രമോദിയുണ്ടെന്ന വിശ്വാസമാണ്. കെ റെയിലിനെ ഇവിടുത്തെ ബിജെപി എതിര്‍ക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിന് അംഗീകാരം കൊടുക്കുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും സുധാകരൻ കുറ്റപ്പെടുത്തി.