കർണാടകയിൽ മാത്രമല്ല കേരളത്തിലെ പല സ്‌കൂളുകളിലും ഹിജാബ് നിരോധനമുണ്ട്: ഫാത്തിമ തഹ്‌ലിയ

single-img
17 February 2022

സംസ്ഥാനത്തെ പല കോളേജുകളിലും ഹിജാബ് നിയന്ത്രണമുണ്ടെന്ന് എം എസ് എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്‌കൂളുകളിൽ മാത്രമല്ല, സർക്കാർ ശമ്പളം നൽകുന്ന പല എയ്ഡഡ് സ്‌കൂളുകളിലും ഹിജാബ് ധരിച്ച് ക്ലാസ്സിൽ ഇരിക്കാൻ അനുവാദമില്ല എന്ന് അവർ തന്റെ ഫേസ്ബുക്കിൽ എഴുതി.

കർണാടകയിലെ പെൺകുട്ടികൾക്ക് കേരളത്തിലിരുന്ന് പിന്തുണ നൽകാൻ ഭരണാധികാരികൾക്ക് എളുപ്പമാണ്. കേരളത്തിലെ പല എയ്ഡഡ് സ്‌കൂളുകളിലുമുള്ള ഹിജാബ് നിരോധനം എടുത്തു കളഞ്ഞാണ് കേരളത്തിലെ ഭരണാധികാരികൾ ഭരണഘടനാ അവകാശത്തോട് കൂറ് പുലർത്തേണ്ടതെന്നും തഹലിയ പറയുന്നു.

ഫാത്തിമയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം :

‘കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല, കർണാടകയിൽ മാത്രമല്ല കേരളത്തിലെ പല സ്‌കൂളുകളിലും ഹിജാബ് നിരോധനമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്‌കൂളുകളിൽ മാത്രമല്ല, സർക്കാർ ശമ്പളം നൽകുന്ന പല എയ്ഡഡ് സ്‌കൂളുകളിലും ഹിജാബ് ധരിച്ച് ക്ലാസ്സിൽ ഇരിക്കാൻ അനുവാദമില്ല.

ഹിജാബ് നിരോധിച്ചിട്ടുണ്ട് എന്ന ഒറ്റക്കാരണത്താൽ പല മികച്ച എയ്ഡഡ് സ്‌കൂളുകളിലും അഡ്മിഷൻ എടുക്കാതെ താരതമ്യേന അടിസ്ഥാന സൗകര്യങ്ങൾ കുറവായ സ്‌കൂളുകളിൽ അഡ്മിഷൻ എടുക്കേണ്ടി വന്ന മുസ്ലിം വിദ്യാർഥിനികളെ എനിക്ക് നേരിട്ടറിയാം.

ഇതു സംബന്ധമായ വിവരശേഖരണം ഞാൻ ഹരിതയുടെ പ്രസിഡണ്ട് ആയിരുന്ന കാലത്ത് നടത്തിയിട്ടുണ്ട്. കർണാടകയിലെ പെൺകുട്ടികൾക്ക് കേരളത്തിലിരുന്ന് പിന്തുണ നൽകാൻ ഭരണാധികാരികൾക്ക് എളുപ്പമാണ്. കേരളത്തിലെ പല എയ്ഡഡ് സ്‌കൂളുകളിലുമുള്ള ഹിജാബ് നിരോധനം എടുത്തു കളഞ്ഞാണ് കേരളത്തിലെ ഭരണാധികാരികൾ ഭരണഘടനാ അവകാശത്തോട് കൂറ് പുലർത്തേണ്ടത്. കേവലം അഭിവാദ്യമർപ്പിക്കലോ പിന്തുണ നൽകലോ അല്ല ശക്തമായ ഭരണ നടപടികളാണ് നമുക്ക് ആവശ്യം.’