ബോംബ് നിര്‍മാണം സിപിഎമ്മിന് കുടില്‍ വ്യവസായം പോലെ: കെ സുധാകരൻ

single-img
14 February 2022

കണ്ണൂരിലെ തോട്ടടയിൽ നടന്ന ബോംബേറില്‍ സിപിഎമ്മിന് പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബോംബ് നിര്‍മാണം കുടില്‍ വ്യവസായം പോലെയാണ് സിപിഎം കൊണ്ടുനടക്കുന്നത് എന്നതിന്റെ പ്രത്യക്ഷ തെളിവാണിത്. കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളില്‍ വ്യാപകമായി ബോംബ് നിര്‍മാണം നടക്കുന്നതും ബോംബുകള്‍ പലയിടങ്ങളിലായി കൂട്ടിവയ്ക്കുന്നതും പൊലീസിന്റെ കണ്‍വെട്ടത്തിലാണ് നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

സംസ്ഥാനത്തിൽ രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ചും കോണ്‍ഗ്രസുകാരെ കൊല്ലാന്‍ ബോംബ് ഉള്‍പ്പെടെയുള്ള എല്ലാവിധ മാരകായുധങ്ങളും അതു പ്രയോഗിക്കാന്‍ കൊലയാളി സംഘവും വാടകഗുണ്ടകളും സിപിഎമ്മിനുണ്ട്. ജീവന്‍ പണയംവച്ചാണ് ജനാധിപത്യ വിശ്വാസികള്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്.

നേരത്തെ ഷുഹൈബിനെയും ടിപി ചന്ദ്രശേഖരനെയും കൊത്തിനുറുക്കിയ കൊലയാളി സംഘങ്ങള്‍ ഇപ്പോഴും യഥേഷ്ടം വിഹരിക്കുന്നു. ഇവർക്കെല്ലാം പാര്‍ട്ടിയുടെ സംരക്ഷണവുമുണ്ടെന്നും കെ സുധാകരന്‍ ആരോപിച്ചു. ആക്രമണങ്ങൾ നടത്തുന്നതിന് സിപിഎം എത്രത്തോളം ആസൂത്രിതമാണെന്നും അത് തടയുന്നതില്‍ പൊലീസ് എത്ര നിഷ്‌ക്രിയമാണെന്നും തെളിയിക്കുന്നതാണ് കണ്ണൂര്‍ സംഭവം.

സംസ്ഥാനത്തെ ഒരു ഭരണകക്ഷിയെ തൊടാന്‍ പോലീസിനു ഭയമാണ്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നാടായ കണ്ണൂരില്‍ അവര്‍ അറിയാതെ ഇലപോലും അനങ്ങില്ലെന്നും സുധാകരന്‍ ആരോപിച്ചു.