ചൈനീസ് പാര്‍ട്ടിയുടെ അംഗസഖ്യ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബിജെപി മാറി: കെ സുരേന്ദ്രന്‍

single-img
13 February 2022

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബിജെപി മാറിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നാല് വർഷങ്ങൾക്ക് മുൻപ് ചൈനീസ് പാര്‍ട്ടിയുടെ അംഗസഖ്യ മറികടന്നുകൊണ്ടാണ് ഈ നേട്ടം പാര്‍ട്ടി കൈവരിച്ചതെന്നും ബി ജെ പിയുടെ അടൂര്‍ മണ്ഡലം ഏഴംകുളം ഏരിയ ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.

ഇനിയൊരു 500 കൊല്ലം കഴിഞ്ഞാലും ഈ രാജ്യം ഭരിക്കുന്നത് ബിജെപിയായിരിക്കും എന്നതില്‍ സംശയമുണ്ടാകില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. ഇതുവരെ കമ്മ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ്‌ ആശയങ്ങളായിരുന്നു രാജ്യത്തെ നയിച്ചുകൊണ്ടിരുന്നത്. അതിനാലാണ് സ്വാതന്ത്ര്യത്തിന് ശേഷമുള്ള പഞ്ചവത്സര പദ്ധതികളില്‍ റഷ്യയുടെ ആശയങ്ങള്‍ കടമെടുത്തത്.

ആ സമയം ദീനദയാല്‍ ഉപാദ്ധ്യായ പറഞ്ഞതാണ് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഈ നാടിനെ നയിക്കാന്‍ കഴിയില്ല എന്നത്. ഇപ്പോൾ അത് അക്ഷരംപ്രതി ശരിയായതുകൊണ്ടാണ് രാജ്യം കടക്കെണിയിലായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 100 കോടിജനങ്ങള്‍ക്കും വാക്സിന്‍ കൊടുക്കുന്നതോടൊപ്പം വാക്സിന് കയറ്റുമതി ചെയ്ത ഭരണാധികാരി നരന്ദ്രമോദി മാത്രമാണ്. യു.പിയില്‍ ബി.ജെ.പി തോറ്റാല്‍ കേരളമാകുമെന്ന് യോഗി പറഞ്ഞത് കേരളത്തിലെ മതഭീകരവാദികളെ ചൂണ്ടിക്കാണിച്ചാണെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു.