കേരളത്തിൽ ഞായറാഴ്ചകളിലെ നിയന്ത്രണം ഇനിയില്ല; സ്കൂളുകളും കോളേജുകളും സാധാരണ നിലയിലേക്ക് മാറുന്നു

single-img
8 February 2022

കേരളത്തിൽ ഉണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾക്ക് ഇന്ന് ചേർന്ന അവലോകന യോഗത്തിൽ തിരുമാനമായി. ഇതിന്റെ ഭാഗമായി ഞായറാഴ്ചകളിലെ അധിക നിയന്ത്രണങ്ങൾ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. ഈ മാസം അവസാനത്തോടെ, സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ഇതിനായുള്ള തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നടത്തും. കഴിഞ്ഞ നാലിലെ വര്‍ഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും യോഗത്തിൽ തീരുമാനമായി

ഇതോടൊപ്പം ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെണ്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിശോധിക്കും.